പടക്കൊരുങ്ങി ബ്ലാസ്റ്റേഴ്സ്; ഏഴ് വിദേശതാരങ്ങളും റെഡി
|ടീമില്‍ ഉള്‍പ്പെടുത്താവുന്ന ഏഴ് വിദേശതാരങ്ങളെയും പ്രഖ്യാപിച്ച് പടക്കൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. സെര്‍ബിയയില്‍ നിന്നും മിഡ്ഫീല്‍ഡറായി നികോള ക്രക്മെരാവിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് ഏഴാമതായി പാളയത്തിലെത്തിച്ചത്. ഏഴ് വിദേശതാരങ്ങള്‍ക്കാണ് അനുമതി. ക്രക്മരാവിച്ച് കൂടി വരുന്നതോടെ ബ്ലാസ്റ്റേഴ്സിലെ സെര്‍ബിയന്‍ താരങ്ങളുടെ എണ്ണം മൂന്നായി. വെസ്റ്റര്‍ എന്ന ഫറവോ ദ്വീപിലെ ക്ലബില്‍ നിന്നുമാണ് ക്രക്മരാവിച്ച് മഞ്ഞക്കുപ്പായത്തിലേക്ക് എത്തുന്നത്.
സെര്‍ബിയയുടെ അണ്ടര്‍ 19, അണ്ടര്‍ 21 ടീമുകളിലും കര്‍മരേവിച്ച് കളിച്ചിരുന്നു. ഫ്രഞ്ച് താരം സിറില്‍ കാലി, ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസിറ്റോ, ഘാനയുടെ പെക്കൂസണ്, സ്ലൊവേനിയന്‍ താരം മറ്റേജ് പോപ്ലാറ്റ്നിക്ക്, സെര്‍ബിയന്‍ താരങ്ങളായ സ്ലവിസ സ്റ്റൊജനോവിച്ച്, നെമാന്‍ജ പെസിച്ച് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയില്‍ ഇപ്പോഴുള്ള വിദേശ താരങ്ങള്‍. അതിനിടെ ഐഎസ്എല്‍ അഞ്ചാം സീസണ് ഫിക്സ്ചര്‍ പുറത്തുവിട്ടു. ആദ്യ പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സ് എ.ടി.കെയോട് ഏറ്റുമുട്ടും.