Football
ആ ‘പരസ്യ’ പോര് വീണ്ടും തുറന്ന് സലാഹ് 
Football

ആ ‘പരസ്യ’ പോര് വീണ്ടും തുറന്ന് സലാഹ് 

Web Desk
|
28 Aug 2018 4:13 PM GMT

ഇതു സംബന്ധിച്ച് നേരത്തേയുണ്ടായ തര്‍ക്കം പരിഹാരമാവാത്തതിനെ തുടര്‍ന്നാണ് താരം ട്വിറ്ററിലൂടെ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ തുറന്നിടിച്ചത്. 

മറ്റൊരു കരാറിരിക്കെ അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ച ഈജിപ്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ നടപടിക്കെതിരെ തുറന്നടിച്ച് മുഹമ്മദ് സലാഹ്. ഇതു സംബന്ധിച്ച് നേരത്തേയുണ്ടായ തര്‍ക്കം പരിഹാരമാവാത്തതിനെ തുടര്‍ന്നാണ് താരം ട്വിറ്ററിലൂടെ ഫുട്‌ബോള്‍ അസോസിയേഷനെതിരെ തുറന്നടിച്ചത്. ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരായ 'വീ' യാണ് സലാഹിന്റെ ചിത്രം ഉപയോഗിച്ചത്. മൊബൈല്‍ കമ്പനിയായ വൊഡാഫോണുമായി സലാഹിന് കരാറുണ്ടായിരിക്കെയാണ് മറ്റൊരു മൊബൈല്‍ കമ്പനി ചിത്രം ഉപയോഗിക്കുന്നത്.

ഇതു സംബന്ധിച്ച് നേരത്തെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സലാഹ് ദേശീയ ടീമില്‍ കളിക്കുമോ എന്ന് വരെ സംശയമുണ്ടായിരുന്നുവെങ്കിലും രംഗം ശാന്തമാവുകയായിരുന്നു. എന്നാല്‍ തര്‍ക്കം വീണ്ടും തലപൊക്കിയത് ആ സംശയം വീണ്ടും വരികയാണ്. സലാഹിന്റെ ട്വീറ്റും അത്തരത്തിലുള്ളൊന്നായിരുന്നു. തങ്ങളുടെ കളിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇടപെടുന്നത് സ്വാഭാവികമാണ്, അത് അവര്‍ക്ക് നന്നായി തോന്നും. പക്ഷേ ഇവിടെ സംഭവിക്കുന്നത് മറിച്ചാണ്, എന്റെയും എന്റെ അഭിഭാഷകന്റെയും സന്ദേശങ്ങള്‍ അവഗണിക്കുന്നു, എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല, ഞങ്ങളോട് പ്രതികരിക്കാന്‍ നിങ്ങള്‍ക്ക് സമയം കിട്ടുന്നില്ലെ? എന്നായിരുന്നു സലാഹിന്റെ ട്വീറ്റ്.

ഇതു സംബന്ധിച്ച് സലാഹിന്റെ ഏജന്റ് റാമി അബ്ബാസും ഫുട്‌ബോള്‍ അസോസിയേഷന് കത്തയച്ചു. ഇക്കാര്യം അദ്ദേഹവും ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു. കത്തിന് അസോസിയേഷന്‍ മറുപടി തന്നില്ലെന്നും റാമി ട്വിറ്ററിലൂടെ വ്യക്തമാക്കുന്നുണ്ട്. ഇതിന് പുറമെ റഷ്യന്‍ ലോകകപ്പിന്റെ സമയത്ത് സലാഹിന്റെ ചിത്രം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിച്ചതിനെതിരെയും താരം തുറന്നടിച്ചിരുന്നു. റഷ്യന്‍ ലോകകപ്പില്‍ ഇൌജിപ്തിന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്ത് പോവുകയും ചെയ്തു. അതിനിടെ ചെച്നിയന്‍ നേതാവ് റമസാന്‍ ഖേദറോവ് ലിവര്‍പൂള്‍ താരത്തിന് ഹോണററി സിറ്റിസന്‍ഷിപ്പ് നല്‍കിയതും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. സലാഹിന് ഈജിപ്ത് ടീമില്‍ കളിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം മറ്റൊരു രാജ്യത്തേക്ക് മാറിയേക്കുമെന്ന ചര്‍ച്ചകളും സജീവമായിരുന്നു.

Related Tags :
Similar Posts