Football
മാഞ്ചസ്റ്റര്‍ സിറ്റിയുടെ അത്ഭുതകുതിപ്പിന് പിന്നിലെ അബൂദബി ബന്ധം
Football

മാഞ്ചസ്റ്റര്‍ സിറ്റിയുടെ അത്ഭുതകുതിപ്പിന് പിന്നിലെ അബൂദബി ബന്ധം

Web Desk
|
5 Sep 2018 12:52 PM GMT

തട്ടിയും മുട്ടിയും ദൈനം ദിന ചിലവുകള്‍ക്ക് പോലും പണം കണ്ടെത്തിയിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഒരൊറ്റ രാത്രിയില്‍ ഏതുവമ്പന്‍ താരത്തേയും വാങ്ങാന്‍ മാത്രം സമ്പന്ന ക്ലബായി മാറി...

മൂന്നാം നിരയിലേക്ക് തരംതാഴ്ത്തപ്പെട്ട നാണക്കേടില്‍ നിന്നും ഏറ്റവും തിളക്കമുള്ള പ്രീമിയര്‍ ലീഗ് കിരീടം നേടുന്ന ടീമിലേക്ക് അത്ഭുതക്കുതിപ്പാണ് മാഞ്ചസ്റ്റര്‍ സിറ്റി നടത്തിയത്. ഒരു പതിറ്റാണ്ടിന് മുമ്പ് അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് ക്ലബിനെ ഏറ്റെടുത്തതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നല്ലകാലം വന്നു. പിന്നീട് മാഞ്ചസ്റ്റര്‍ സിറ്റി നേടിയത് മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, മൂന്ന് ഇഎഫ്എല്‍ കപ്പ്, ഒരു എഫ്എ കപ്പ്...

138 വര്‍ഷത്തെ പാരമ്പര്യമുള്ള മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ് 1998ലാണ് ചരിത്രത്തിലാദ്യമായി മൂന്നാം നിരയിലേക്ക് തരം താഴ്ത്തപ്പെട്ടത്. പിന്നീട് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയെങ്കിലും പിന്‍നിരയിലായിരുന്നു അപ്പോഴും സ്ഥാനം. ഷൈക്ക് മന്‍സൂര്‍ ബിന്‍ സയദ് അല്‍ നഹ്യാന്റെ അബൂദബി യുണൈറ്റഡ് ഗ്രൂപ്പ് 200 ദശലക്ഷം പൗണ്ടിന് മാഞ്ചസ്റ്റര്‍ സിറ്റിയെ 2008 സെപ്തംബര്‍ ഒന്നിന് ഏറ്റെടുക്കാന്‍ കരാറിലൊപ്പിട്ടതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. തട്ടിയും മുട്ടിയും ദൈനം ദിന ചിലവുകള്‍ക്ക് പോലും പണം കണ്ടെത്തിയിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഒരൊറ്റ രാത്രിയില്‍ ഏതുവമ്പന്‍ താരത്തേയും വാങ്ങാന്‍ മാത്രം സമ്പന്ന ക്ലബായി മാറി. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 1.4 ബില്യണ്‍ പൗണ്ടാണ്(ഏകദേശം 12800 കോടി രൂപ!) മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാരെ ടീമിലെത്തിക്കാന്‍ മാത്രം ചിലവഴിച്ചത്.

ഷിനവത്രയുടെ മറിച്ചുവില്‍പ്പന

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തന്നെ ഒരു ടീമിന്റെ ഏറ്റവും അവിശ്വസനീയമായ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി നടത്തിയത്. തായ്‌ലണ്ട് പ്രധാനമന്ത്രിയും ബിസിനസുകാരനുമായ തക്ഷിന്‍ ഷിനവത്ര 2007 ജൂണിലാണ് 81.6 ദശലക്ഷം പൗണ്ടിന് മാഞ്ചസ്റ്റര്‍ സിറ്റിയെ വാങ്ങുന്നത്. തൊട്ടടുത്ത വര്‍ഷം 200 ദശലക്ഷം പൗണ്ടിന് ക്ലബിനെ അബൂദബി യുണൈറ്റഡ് ഗ്രൂപ്പിന് ഷിനവത്ര മറിച്ചുവിറ്റു. നിരവധി പ്രതിസന്ധികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമിടെയായിരുന്നു ഈ കൈമാറ്റം.

തക്ഷിന്‍ ഷിനവത്രയും ഷൈക്ക് മന്‍സൂര്‍ ബിന്‍ സയദ് അല്‍ നഹ്യാനും

2006ല്‍ തായ്‌ലണ്ടിലുണ്ടായ പട്ടാള അട്ടിമറിയും തുടര്‍ന്ന് 2008ല്‍ അഴിമതിക്കേസില്‍ ഭാര്യ അറസ്റ്റിലാവുകയും ചെയ്തതോടെ ഷിനവത്രക്ക് രാജ്യംവിടേണ്ടി വന്നു. രാഷ്ട്രീയ പ്രതിസന്ധിയേയും കേസുകളേയും തുടര്‍ന്ന് ഷിനവത്രയുടെ ഒരു ബില്യണ്‍ പൗണ്ടിന്റെ സ്വത്തുക്കള്‍ നിശ്ചലാവസ്ഥയിലായി. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ദൈനം ദിന പ്രവര്‍ത്തനം പോലും ബുദ്ധിമുട്ടിലായി. ടീമിനെ മൊത്തത്തില്‍ ഏറ്റെടുക്കുന്ന ഒരു കരാറിലൂടെ മാത്രമേ എന്തെങ്കിലും രക്ഷയുള്ളൂവെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് 2008 മെയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവായി ചുമതലയേറ്റ ഗാരി കുക്ക് പറയുന്നു.

ഇതിനിടെയാണ് 2008 ആഗസ്ത് 22ന് ബെല്‍ജിയത്തിന്റെ വിന്‍സെന്റ് കോംപനി മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്. പ്രീമിയര്‍ ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിലൊരാളായി പിന്നീടുള്ള വര്‍ഷങ്ങളില്‍ കോംപനി വളര്‍ന്നു. എന്നാല്‍ ക്ലബ് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചോ ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിക്കാന്‍ പോകുന്ന കൈമാറ്റത്തെക്കുറിച്ചോ കോംപനിക്ക് ക്ലബിലെത്തുമ്പോള്‍ യാതൊരു ധാരണയുമുണ്ടായിരുന്നില്ല. 'മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് വരുമ്പോള്‍ സാധാരണ പറയുന്നതുപോലെ വലിയ വലിയ സ്വപ്‌ന പദ്ധതികള്‍ അവര്‍ പറഞ്ഞു. ഞാനത് ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിട്ടു. എന്നാല്‍ ക്ലബിന്റെ ഉടമകള്‍ മാറി. അന്നു പറഞ്ഞ സ്വപ്‌ന പദ്ധതികള്‍ യാഥാര്‍ഥ്യമായി. എല്ലാം സ്വപ്‌നം പോലെയായിരുന്നു.' കോംപനി പറയുന്നു.

മാഞ്ചസ്റ്റര്‍ സിറ്റി മറക്കാത്ത ദിനം

ബ്രസീലിയന്‍ സൂപ്പര്‍താരം റൊബീന്യോയുടെ വരവാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഊര്‍ജ്ജമായത്. ഒന്നാംനിരക്ലബായ റയല്‍ മാഡ്രിഡില്‍ നിന്നും താരതമ്യേന അപ്രശസ്തമായ മാഞ്ചസ്റ്റര്‍സിറ്റിയിലേക്കുള്ള റൊബീന്യോയുടെ കൂടുമാറ്റത്തെ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച വിദഗ്ധര്‍ നിരവധിയാണ്. റയല്‍ മാഡ്രിഡില്‍ റൊബീന്യോക്ക് നല്ല ഭാവിയുണ്ടായിരുന്നെന്നും ശരാശരി ഇംഗ്ലീഷ് ക്ലബില്‍കളിച്ച് മികവ് തെളിയിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ മാനിക്കണമെന്നുമായിരുന്നു അന്ന് റയല്‍ പരിശീലകനായിരുന്ന ബ്രന്റ് ഷൂസ്റ്റര്‍ പരിഹസിച്ചത്.

റൊബീന്യോ 32.5 ദശലക്ഷം പൗണ്ടിന്റെ റെക്കോഡ് തുകയ്ക്കാണ് സിറ്റിയിലെത്തിയത്

റയല്‍ പരിശീലകന്‍ അങ്ങനെ പറയുമ്പോഴും അത്ര സുഖകരമായിരുന്നില്ല റൊബീന്യോയുടെ റയലിലെ അവസാന നാളുകള്‍. ബെയ്ജിംങ് ഒളിംപിക്‌സില്‍ ബ്രസീലിനുവേണ്ടി കളിക്കാന്‍ റയല്‍ മാഡ്രിഡ് റൊബീന്യോക്ക് അനുമതി നല്‍കിയില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ക്രിസ്റ്റിയാനോയെ വാങ്ങാനായി റൊബീന്യോയെ വില്‍ക്കാനായിരുന്നു ക്ലബിന്റെ പദ്ധതിയെന്നത് അന്ന് അങ്ങാടിപ്പാട്ടായിരുന്നു. ഇക്കാരണങ്ങളാല്‍ റൊബീന്യോക്കും റയല്‍ മാഡ്രിഡ് വിടാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും ലക്ഷ്യമിട്ടത് സ്‌കൊളാരിയുടെ ചെല്‍സിയായിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റിയെ ഏറ്റെടുക്കുമ്പോള്‍ അബൂദബി യുണൈറ്റഡ് ഗ്രൂപ്പിന്റെ പ്രധാന ആവശ്യം സീസണ്‍ തുടങ്ങുക മികച്ച ഒരു താരത്തിന്റെ വരവോടെയായിരിക്കണം എന്നതായിരുന്നു. ട്രാന്‍സ്ഫര്‍ അവസാനിക്കാറായി എന്നതായിരുന്നു വെല്ലുവിളി. ഒടുവില്‍ ആ വെല്ലുവിളി ഏറ്റെടുത്ത മാഞ്ചസ്റ്റര്‍ സിറ്റി അധികൃതര്‍ ട്രാന്‍സ്ഫര്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ 32.5 ദശലക്ഷം പൗണ്ടിന്റെ റെക്കോഡ് തുകക്ക് റൊബീന്യോയെ സ്വന്തം ക്യാമ്പിലെത്തിച്ചു. ആദ്യസീസണില്‍ മിന്നിയ റൊബീന്യോ പിന്നീട് നിറം മങ്ങി. എങ്കിലും തുടര്‍ച്ചയായി താരങ്ങളെ ടീമിലെത്തിച്ച് ടീമിന്റെ പ്രകടനത്തെ ഇത് ബാധിക്കാതിരിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി അധികൃതര്‍ ശ്രദ്ധിച്ചു.

തിരിച്ചുപിടിച്ച അഭിമാനം

റൊബീന്യോയുടെ വരവ് ഒരു തുടക്കം മാത്രമായിരുന്നു. കാര്‍ലോസ് ടെവസ്(വെസ്റ്റ് ഹാം), യായാ തുറ(ബാഴ്‌സലോണ), ഡേവിഡ് സില്‍വ(വലെന്‍സിയ), സെര്‍ജിയോ അഗ്യൂറോ(അത്‌ലറ്റികോ മാഡ്രിഡ്), കെവിന്‍ ഡിബ്രൂയിന്‍(വോള്‍ഫ്ബര്‍ഗ്), റഹീം സ്റ്റര്‍ലിംങ്(ലിവര്‍പൂള്‍), ഗബ്രിയേല്‍ ജീസസ്(പാല്‍മിറാസ്) എന്നിങ്ങനെ പോകുന്നു പിന്നീട് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നീലക്കുപ്പായത്തിലെത്തിയ ലോകോത്തര താരങ്ങളുടെ നിര. പത്തുവര്‍ഷത്തിനിടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒന്നാം നിരയിലേക്കെത്തിയത് 70ലേറെ താരങ്ങളാണ്! പരിശീലകരിലെ സൂപ്പര്‍താരം പെപ് ഗ്വാര്‍ഡിയോളയും 2016ല്‍ പെല്ലിഗ്രിനിയുടെ പകരക്കാരനായെത്തി. പണമെറിഞ്ഞ് താരങ്ങളെ ടീമിലെത്തിച്ച ഉടമകളുടെ പ്രതീക്ഷകള്‍ ടീം കാത്തതോടെ മാഞ്ചസ്റ്റര്‍ സിറ്റി വെച്ചടി വെച്ചടി കയറി.

പ്രീമിയര്‍ ലീഗ് കിരീടവുമായി മാഞ്ചസ്റ്റര്‍ സിറ്റി ടീം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ 100 പോയിന്റ് നേടുന്ന ആദ്യ ടീമെന്ന റെക്കോഡോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞ സീസണില്‍ കിരീടത്തില്‍ മുത്തമിട്ടത്. പത്ത് വര്‍ഷം മുമ്പ് മന്‍സൂര്‍ ബിന്‍ സയദ് അല്‍ നഹ്യാനും അബൂദബി യുണൈറ്റഡ് ഗ്രൂപ്പും മാഞ്ചസ്റ്റര്‍ സിറ്റിയെ വാങ്ങാന്‍ വരുമ്പോള്‍ ആരാധകര്‍ക്ക് പോലും ടീമില്‍ കാര്യമായ പ്രതീക്ഷയില്ലായിരുന്നു. ഒരു പതിറ്റാണ്ടിനിപ്പുറം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജേഴ്‌സി അഭിമാനത്തോടെ ധരിക്കുന്ന ആരാധകരുടെ എണ്ണം ഓരോ സീസണിലും കൂടുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ഫുട്ബോള്‍ ക്ലബിന്റെ അഭിമാനം കൂടിയാണ് പുതിയ ഉടമകളിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി തിരിച്ചുപിടിച്ചിരിക്കുന്നത്.

ബിബിസി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

Similar Posts