കൊമ്പുകുലുക്കി കൊമ്പന്മാര്
|കൊല്‍ക്കത്തയുടെ ഗോള്‍മുഖത്ത് തീപ്പൊരി പാറിച്ച പോരാട്ടത്തിന് ശേഷം പ്രതിരോധ താരത്തിന്റെ ബൂട്ടില്‍ തട്ടിയുയര്‍ന്ന പന്ത് പോപ്ലാറ്റ്നിക്ക് എതിരാളിയുടെ വലയിലേക്ക് കുത്തിയിടുകയായിരുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ കന്നിയങ്കത്തില്‍ മലയാളികളുടെ സ്വന്തം കൊമ്പന്മാര്ക്ക് ഗംഭീര വിജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ കൊമ്പുകുലുക്കി ചവിട്ടി മെതിച്ച് എതിരാളികളുടെ കോട്ട തകര്‍ത്ത കേരള ബ്ലാസ്റ്റേഴ്സ്, കൊല്‍ക്കത്തയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ നേടിയാണ് വിജയം പിടിച്ചടക്കിയത്.
76 ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റേജ് പോപ്ലാറ്റ്നിക്കിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. കൊല്‍ക്കത്തയുടെ ഗോള്‍മുഖത്ത് തീപ്പൊരി പാറിച്ച പോരാട്ടത്തിന് ശേഷം പ്രതിരോധ താരത്തിന്റെ ബൂട്ടില്‍ തട്ടിയുയര്‍ന്ന പന്ത് പോപ്ലാറ്റ്നിക്ക് എതിരാളിയുടെ വലയിലേക്ക് കുത്തിയിടുകയായിരുന്നു. മദംപൊട്ടിയ കൊമ്പന്മാരേല്പ്പിച്ച ആഘാതത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാകും മുമ്പ് 86 ാം മിനിറ്റില്‍ സ്റ്റൊവാനോവിച്ചിലൂടെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോള്‍ നേടി.
കളി ആരംഭിച്ച് ആദ്യ മിനിറ്റ് മുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അനായാസ മിടുക്കാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്‍നിരയും മധ്യനിരയും കാഴ്ചവെച്ചത്. എന്നാല്‍ ഈ അവസരങ്ങളൊക്കെ ലക്ഷ്യത്തില്‍ എത്തിക്കുന്നതില്‍ മാത്രം പിഴച്ചു. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ കളിയഴക് ഇത്തവണ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പുതരുന്നതായിരുന്നു. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കേളീതന്ത്രം. ആദ്യ 20 മിനിറ്റില്‍ തന്നെ ഗോളെന്നുറപ്പിച്ച നാലു അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചത്. 20 ാം മിനിറ്റില്‍ മറ്റേജ് പോപ്ലാറ്റ്നിക്കിനെ ഫൌള് ചെയ്തതിന് കൊല്‍ക്കത്തന്‍ താരം നൌസിയര്ക്ക് സീസണിലെ ആദ്യ മഞ്ഞ കാര്‍ഡും കിട്ടി. 26 ാം മിനിറ്റിലാണ് കൊല്‍ക്കത്തയുടെ ആദ്യ ഗോള്‍ ശ്രമമുണ്ടായത്. പിന്നീട് കൊല്‍ക്കത്തയും ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ ആദ്യ പകുതിയില്‍ ആരുടെയും വല ചലച്ചില്ല.
രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ സമദിനെ വലിച്ച് പെകുസനെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. ആദ്യ പകുതിയുടെ തനിയാവര്‍ത്തനം പോലെ മഞ്ഞപ്പട കളത്തില്‍ നിറഞ്ഞു. എന്നാല്‍ മുന്നേറ്റങ്ങളെല്ലാം ലക്ഷ്യത്തില്‍ നിന്ന് അകന്നുതന്നെ നിന്നു. 71 ാം മിനിറ്റില്‍ ഡന്ഗെലിനെ പുറത്തേക്ക് വലിച്ച് മലയാളി താരം സി.കെ വിനീതിനെ ബ്ലാസ്റ്റേഴ്സ് മൈതനത്ത് എത്തിച്ചു. 76 ാം മിനിറ്റില്‍ മഞ്ഞപ്പടയുടെ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. കൊല്‍ക്കത്തയുടെ കോപ്പലാശാനെ ഞെട്ടിച്ച് മറ്റേജ് പോപ്ലാറ്റ്നിക്കിന്റെ ഗോള്‍. ഞെട്ടലില്‍ നിന്ന് കൊല്‍ക്കത്ത കരകയറും മുമ്പ് സ്റ്റൊവാനോവിച്ചിലൂടെ ബ്ലാസ്റ്റേഴ്സിന്റെ വക അടുത്ത പ്രഹരം. സ്റ്റൊവാനോവിച്ചിന്റെ ബൂട്ടില്‍ നിന്ന് വെടിയുണ്ട പോലെ പാഞ്ഞ പന്ത് കൊല്‍ക്കത്തയുടെ വലതു നെഞ്ചില്‍ തുളഞ്ഞിറങ്ങി. പിന്നീടങ്ങോട്ട് ആശ്വാസഗോളിന് വേണ്ടി കൊല്‍ക്കത്ത ശ്രമിച്ചെങ്കിലും പന്ത് ബൂട്ടില്‍ കൊരുത്തിട്ട് ബ്ലാസ്റ്റേഴ്സ് ബുദ്ധിപൂര്‍വം ഫൈനല്‍ വിസിന് വേണ്ടി കാതോര്‍ത്തു. ഒടുവില്‍ ഉദ്ഘാടന മത്സരത്തില്‍ തന്നെ ജയം നേടി ബ്ലാസ്റ്റേഴ്സ് വിജയാഹ്ലാദം മുഴക്കി.