Football
എന്തിനാണ് ലോകകപ്പ് പ്രതിഫലമായ 5 ലക്ഷം ഡോളര്‍ ദാനം ചെയ്തത് ? എംബാപ്പെയുടെ മറുപടിയിങ്ങനെ...
Football

എന്തിനാണ് ലോകകപ്പ് പ്രതിഫലമായ 5 ലക്ഷം ഡോളര്‍ ദാനം ചെയ്തത് ? എംബാപ്പെയുടെ മറുപടിയിങ്ങനെ...

Web Desk
|
12 Oct 2018 1:30 PM GMT

പ്രതിഭയുടെ തിളക്കവും മനുഷ്യത്വത്തിന്‍റെ പ്രഭാവവും തന്നെയാണ് ഈ 19 കാരനെ ജനപ്രിയനാക്കിയത്. ഇന്ന് ലോകത്തിലെ ഏറ്റവും വിലയേറിയ താരങ്ങളില്‍ ഒരാളും എംബാപ്പെയാണ്.

ലോകകപ്പിലൂടെ കാല്‍പ്പന്ത് കളിയുടെ രാജകുമാരനായി ഉദിച്ചുയര്‍ന്ന താരമാണ് കെയ്‍ലിയന്‍ എംബാപ്പെ. മൈതാനത്തിനകത്തും പുറത്തും ലോകത്തിന് ഒരുപോലെ പ്രിയപ്പെട്ടവന്‍. പ്രതിഭയുടെ തിളക്കവും മനുഷ്യത്വത്തിന്‍റെ പ്രഭാവവും തന്നെയാണ് ഈ 19 കാരനെ ജനപ്രിയനാക്കിയത്. ഇന്ന് ലോകത്തിലെ ഏറ്റവും വിലയേറിയ താരങ്ങളില്‍ ഒരാളും എംബാപ്പെയാണ്. പി.എസ്.ജി എംബാപ്പെയെ സ്വന്തമാക്കിയതും കോടികളെറിഞ്ഞാണ്. 200 ദശലക്ഷം ഡോളര്‍ വീശിയെറിഞ്ഞ് റയല്‍ മാഡ്രിഡ് എംബാപ്പെയെ സ്വന്തമാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങിയെന്നതാണ് പുതിയ അഭ്യൂഹങ്ങള്‍.

ഫ്രാന്‍സിനെ ലോകജേതാക്കളാക്കാന്‍ എംബാപ്പെയൊഴുക്കിയ വിയര്‍പ്പ് ആരും മറന്നിട്ടുണ്ടാക്കില്ല. ലോകകപ്പില്‍ നിന്ന് ലഭിച്ച മാച്ച് ഫീയും ബോണസും എംബാപ്പെ ഭിന്നശേഷിക്കാരായ പിഞ്ചു കുഞ്ഞുങ്ങളെ സഹായിക്കുന്ന സന്നദ്ധ സംഘടനയ്‌ക്ക് സംഭാവന ചെയ്‌തതും വലിയ വാര്‍ത്തയായിരുന്നു. അഞ്ച് ലക്ഷം ഡോളറാണ് സന്നദ്ധ സംഘടനയ്‌ക്ക് സംഭാവന ചെയ്‌ത് ആരാധകരുടെ ഹൃദയം കീഴടക്കിയത്‌. ഒരു മത്സരത്തില്‍ നിന്ന്‌ 29,000 ഡോളറാണ്‌ 19 കാരനായ താരത്തിന്‌ പ്രതിഫലം ലഭിച്ചത്‌. ഒടുവിലിതാ, ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ എന്തിനാണ് ഇത്രയും വലിയ തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എംബാപ്പെ.

''എനിക്ക് ആ പണത്തിന്‍റെ ആവശ്യമുണ്ടായിരുന്നില്ല. രാജ്യത്തിന്‍റെ സ്വപ്നങ്ങളെയും നിറങ്ങളെയും താലോലിക്കാന്‍ ഞാനുണ്ടായിരുന്നു. കൂടാതെ എനിക്ക് ആവശ്യമുള്ള പണം ഞാന്‍ സമ്പാദിക്കുന്നുണ്ട്, ഒരുപാട് പണം. സഹായം ആവശ്യമുള്ള ഒട്ടേറെ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ദുരിതം പേറുന്ന നിരവധി ആളുകള്‍. രോഗങ്ങള്‍ മൂലം കഷ്ടത അനുഭവിക്കുന്നവര്‍. അത്തരക്കാര്‍ക്ക് നേരെ സഹായഹസ്തം നീട്ടുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. ഇത് എന്‍റെ ജീവിതത്തെ മാറ്റില്ല. പക്ഷേ മറ്റുള്ളവരുടെ ജീവിതത്തെ മാറ്റിമറിക്കും. പ്രതീക്ഷിക്കുന്നതു പോലെ അവര്‍ക്ക് അതൊരു വലിയ സഹായമാകുമെങ്കില്‍ അതില്‍പരം സന്തോഷമില്ല. ഭിന്നശേഷിക്കാരായവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ആ പണം നല്‍കിയത്. അവര്‍ക്ക് എല്ലാവരെയും പോലെ കായികമേഖലയില്‍ കഴിവ് തെളിയിക്കാന്‍ കഴിയുന്നവരാണെന്നതു തന്നെയാണ് എന്‍റെ ഹൃദയത്തെ സ്വാധീനിച്ചത്.'' - എംബാപ്പെ പറയുന്നു.

Similar Posts