മുഹമ്മദ് സലാഹിനെതിരെ ക്രിമിനല്‍ കേസെടുക്കില്ല
|സംഭവത്തില്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ പ്രോസിക്യൂഷന് സഹായകരമാകുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ കേസെടുക്കുന്നില്ലെന്നുമാണ് പൊലീസ് അറിയിച്ചത്.
വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായുള്ള ആരോപണത്തെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിനെതിരെ ക്രിമിനല്‍ കേസെടുക്കില്ലെന്ന് പൊലീസ്. ആഗസ്റ്റില്‍ കാറില്‍ ഡ്രൈവിങ് സീറ്റിലിരുന്ന് സലാഹ് മൊബൈല്‍ ഉപയോഗിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
യാത്രാമധ്യേ റോഡില്‍വെച്ച് ആളുകള്‍ കാറിന് ചുറ്റും കൂടുന്നതും സലാഹ് ഇരു കൈകള്‍കൊണ്ടും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. വീഡിയോ വൈറലായതോടെ താരത്തിന്‍റെ തന്നെ ക്ലബ്ബായ ലിവര്‍പൂള്‍ ഇക്കാര്യം മെഴ്‌സിസെയ്ഡ് പൊലീസിനെ അറിയിച്ചു. വെസ്റ്റ്ഹാം യുണൈറ്റഡിനെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് കീഴടക്കിയ മത്സരശേഷം കാറില്‍ സഞ്ചരിക്കുമ്പോഴാണ് സലാഹ് മൊബൈല്‍ ഉപയോഗിച്ചത്. ബ്രിട്ടീഷ് ഡ്രൈവിങ് നിയമപ്രകാരം ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും യാത്രയ്ക്കിടെ ലൈറ്റോടുകൂടി കാര്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴും സിഗ്‌നല്‍ കാത്ത് കിടക്കുമ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്.
സംഭവത്തില്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ പ്രോസിക്യൂഷന് സഹായകരമാകുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ കേസെടുക്കുന്നില്ലെന്നുമാണ് പൊലീസ് അറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ സലാഹുമായി സംസാരിച്ചെന്നും വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശവും ഉപദേശവും നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി.