Football
പാളയത്തില്‍ പട; പരിശീലകനെതിരെ സുനില്‍ ഛേത്രി  
Football

പാളയത്തില്‍ പട; പരിശീലകനെതിരെ സുനില്‍ ഛേത്രി  

Web Desk
|
15 Oct 2018 2:48 PM GMT

ചൈനക്കെതിരായ മത്സരത്തില്‍ നായകനായത് ബ്ലാസ്റ്റേഴ്‌സ് താരം സന്തേഷ് ജിങ്കനാണ്. ഛേത്രിയാവും ടീമിനെ നയിക്കുക എന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്

ചൈനയെ അവരുടെ നാട്ടില്‍ ഗോള്‍രഹിത സമനിലയില്‍ തളച്ച ഇന്ത്യന്‍ ഫുട്‌ബോളിനെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകര്‍. ഇന്ത്യയെക്കാള്‍ റാങ്കിങ്ങില്‍ മുന്നിലുള്ള ചൈനയെ ഗോളടിപ്പിക്കാതെ നോക്കിയെങ്കില്‍ ഈ സമനില തന്നെ ഇന്ത്യയുടെ വിജയമാണെന്നാണ് ആരാധകര്‍ പങ്കുവെക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യന്‍ ക്യാമ്പില്‍ കാര്യങ്ങള്‍ പന്തിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റയിനും ഇന്ത്യയുടെ ഗോളടിയന്ത്രം സുനില്‍ഛേത്രിയും തമ്മില്‍ അത്ര രസത്തിലല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനക്കെതിരായ മത്സരത്തില്‍ നായകനായത് ബ്ലാസ്റ്റേഴ്‌സ് താരം സന്തേഷ് ജിങ്കനാണ്. ഛേത്രിയാവും ടീമിനെ നയിക്കുക എന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പരിശീലകന്‍ എന്താണോ ഉദ്ദേശിക്കുന്നത്, അത് കളത്തില്‍ പ്രകടിപ്പിക്കുന്നയാളാണ് നായകനാവേണ്ടതെന്ന പരിശീലകന്റെ പ്രസ്താവന ശ്രദ്ധേയമായിരുന്നു. ചൈനയുമായുള്ള മത്സരത്തിന് മുമ്പായിരുന്നു ഇത്. ഛേത്രിയെ നായകനാക്കാന്‍ താല്‍പര്യമില്ലെന്ന് പരിശീലകന്‍ വ്യക്തമാക്കുന്നതായിരുന്നു ഇത്. ജിങ്കന് പുറമെ, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു, ഛേത്രി എന്നിവര്‍ തമ്മില്‍ നായകസ്ഥാനം കൈമാറാറുണ്ട്. എന്നാല്‍ അടുത്ത ഊഴത്തില്‍ ഛേത്രിക്കിനി നായകസ്ഥാനം ലഭിക്കാനിടയില്ല.

അതേസമയം ടീമിലെ മുതിര്‍ന്ന താരങ്ങളുടെ പിന്തുണയോടെ കോണ്‍സ്റ്റന്റയിനെ മാറ്റണമെന്ന് ഛേത്രി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ടീമിന് പുതിയ തന്ത്രങ്ങള്‍ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ അണ്ടര്‍ 17 ടീമിനെ സംബന്ധിച്ചുള്ള പരിശീലകന്റെ പ്രസ്താവനയും ഈ വിഭാഗത്തെ ചൊടിപ്പിച്ചു. പ്രസ്താവന പിന്നീട് പിന്‍വലിച്ചെങ്കിലും കാര്യങ്ങള്‍ വഷളായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഛേത്രിയുള്‍പ്പെടെയുള്ള താരങ്ങളുടെ സമ്മര്‍ദ്ദം ഫുട്‌ബോള്‍ ഫെഡറേഷന്‍ തള്ളുകയായിരുന്നു. കരാര്‍ പ്രകാരം കോണ്‍സ്റ്റന്റയിന് ഇനിയും കാലാവധിയുണ്ടെന്നും അതിന് മുമ്പ് പുറത്താക്കുന്നത് ശരിയല്ലെന്നുമാണ് ഫുട്‌ബോള്‍ ഫെഡറേഷന്റെ നിലപാട്.

2019ലെ എ.എഫ്.സി ഏഷ്യന്‍ കപ്പ് കഴിയുന്നത് വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. അതേസമയം മുന്‍ ബംഗളൂരു എഫ്.സി കോച്ച് ആല്‍ബര്‍ട്ട് റോക്കയെ പരിശീലകനാക്കാനാണത്രെ ഛേത്രിയുടെ താല്‍പര്യം. എന്നാല്‍ ഫുട്ബോള്‍ ഫെഡറേഷന്‍റെ പിന്തുണ കോണ്‍സ്റ്റന്റയിന് ലഭിക്കുന്നത് ഛേത്രിയുടെ ആഗ്രഹത്തിന് തടസമാവുന്നു.

Similar Posts