യുവേഫ നാഷന്‍സ് ലീഗ്: സ്പെയ്ന്‍ ഇംഗ്ലണ്ടിനെക്കാള്‍ ശക്തരെന്ന് നായകന് ഹാരി കെയ്ന്‍
|ഗ്രൂപ്പ് നാലിലെ രണ്ട് മത്സരങ്ങളില്‍ നിന്നും ഇംഗ്ലണ്ടിന് ഇതുവരെ ഒരു പോയിന്റ് മാത്രമാണ് നേടാനായത്
ഇംഗ്ലണ്ടിനെക്കാള്‍ ശക്തരാണ് സ്പെയിന് എന്ന് സമ്മതിച്ച് നായകന് ഹാരി കെയ്ന്‍. യുവേഫ നാഷന്‍സ് ലീഗില്‍ ഇന്ന് സ്പെയിനിനെതിരെ മത്സരിക്കാനിരിക്കെയാണ് എതിരാളികളുടെ ബലത്തെ അംഗീകരിച്ച് ഹാരി വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നും സ്പെയ്ന്‍ 10 ഗോളുകളാണ് നേടിയത്. സ്പെയിനിനെ അപേക്ഷിച്ച് തങ്ങള്‍ പല കാര്യങ്ങളിലും മുന്‍ പന്തിയിലാണെങ്കിലും ഇന്നത്തെ മത്സരം കടുത്തതായിരിക്കുമെന്ന് ഹാരി പറഞ്ഞു. ഒറ്റക്ക് എതിരാളികളെ നേരിടുന്നതിലും വേഗതയിലുമെല്ലാം താങ്കള്‍ സ്പെയിനിനെക്കാളും മുന്നിലാണ്.
ഗ്രൂപ്പ് നാലിലെ രണ്ട് മത്സരങ്ങളില്‍ നിന്നും ഇംഗ്ലണ്ടിന് ഇതുവരെ ഒരു പോയിന്റ് മാത്രമാണ് നേടാനായത്. കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് പട സ്പെയിനിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു. ലോക കപ്പിലെ ഗോള്‍ഡന്‍ ബൂട്ട് പ്രകടനത്തിന് ശേഷം യൂറോപ്പിലെ ഏറ്റവും നല്ല കളിക്കാരിലൊരാളെന്ന് ഖ്യാതി നേടിയ ഹാരി കെയിന്‍ തുടര്‍ന്ന് ഫോം നിലനിര്‍ത്താത്തതിന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്നത്തെ കളിയും ഗോള്‍ രഹിതമായി അവസാനിച്ചാല്‍ തുടര്‍ച്ചയായി ഗോള്‍ നേടാത്ത ഏഴാമത്തെ മത്സരമായിരിക്കും ഇത്.