Football
ഫ്രീകിക്കില്‍ റൊണാള്‍ഡോക്ക് നിയന്ത്രണം, യുവന്റസ് തന്ത്രം ആരാധകര്‍ കണ്ടെത്തിയത് ഈ ചിത്രത്തില്‍ നിന്ന്
Football

ഫ്രീകിക്കില്‍ റൊണാള്‍ഡോക്ക് നിയന്ത്രണം, യുവന്റസ് തന്ത്രം ആരാധകര്‍ കണ്ടെത്തിയത് ഈ ചിത്രത്തില്‍ നിന്ന്

Web Desk
|
9 Nov 2018 9:54 AM GMT

യുവന്റസ് ഡ്രസിംങ് റൂമില്‍ റൊണാള്‍ഡോയും ഡിബാലയും ഇരിക്കുന്ന ചിത്രത്തില്‍ ചില ആരാധകര്‍ കണ്ടത് തൊട്ടപ്പുറത്തെ ചുവരിലൊട്ടിച്ച കടലാസാണ്...

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമൊത്തുള്ള ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവെക്കുമ്പോള്‍ ഇത്രയേറെ പൊല്ലാപ്പാകുമെന്ന് ഡിബാല സ്വപ്‌നത്തില്‍ പോലും കരുതിയിരിക്കില്ല. യുവന്റസ് ഡ്രസിംങ് റൂമില്‍ റൊണാള്‍ഡോയും ഡിബാലയും ഇരിക്കുന്ന ചിത്രത്തില്‍ ചില ആരാധകര്‍ കണ്ടത് തൊട്ടപ്പുറത്തെ ചുവരിലെ പട്ടികയാണ്. ടീമിന്റെ തന്ത്രപരമായ തീരുമാനങ്ങള്‍ വിവരിച്ചിരുന്ന ആ പട്ടികയെക്കുറിച്ച് പിന്നീട് ടീം മാനേജര്‍ക്ക് തന്നെ വിശദീകരിക്കേണ്ടി വന്നു.

മുന്‍ ക്ലബ് റയല്‍ മാഡ്രിഡില്‍ മിക്കവാറും ഫ്രീകിക്കുകള്‍ എടുത്തിരുന്നത് റൊണാള്‍ഡോയാണ്. പോര്‍ച്ചുഗലിന് വേണ്ടി കളിക്കുമ്പോഴും സ്ഥിതി വ്യത്യസ്ഥമല്ലായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനായി നേടിയ 88ആം മിനുറ്റിലെ സമനില ഗോള്‍ മാത്രം മതി താരത്തിന് ഫ്രീകിക്കിലുള്ള ആധിപത്യം തെളിയിക്കാന്‍. എന്നാല്‍ യുവന്റസില്‍ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്.

തല്‍ക്കാലത്തേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൊണ്ട് ക്ലോസ് റേഞ്ച് ഫ്രീകിക്കുകള്‍ എടുപ്പിക്കേണ്ടെന്നാണ് യുവന്റസിന്റെ തീരുമാനം. യുവെന്റസിനായി ഇനി റൊണാള്‍ഡോ ക്ലോസ് റേഞ്ച് ഫ്രീകിക്കുകള്‍ എടുക്കില്ലെന്ന് ടീം മാനേജര്‍ മാസ്സിമിലിയാനോ അല്ലെഗ്രി തന്നെയാണ് അറിയിച്ചിരിക്കുന്നത്. റോണോയ്ക്കു പകരം ഡിബാലയോ പിയാനിച്ചോ ആകും ഇനിമുതല്‍ ക്ലോസ് റേഞ്ച് ഫ്രീകിക്കുകള്‍ എടുക്കുക.

ഫ്രീകിക്ക് എടുക്കുന്നതില്‍ ഡിബാലയും പിയാനിച്ചും പുലര്‍ത്തുന്ന മികവ് റൊണാള്‍ഡോയ്ക്ക് അറിയാമെന്നും അതിനാല്‍ തന്നെ അവര്‍ക്കായി ക്ലോസ് റേഞ്ച് ഫ്രീകിക്കുകള്‍ വിട്ടുകൊടുക്കുകയുമായിരുന്നുവെന്നുമാണ് അല്ലെഗ്രി പ്രതികരിച്ചത്. എന്നാല്‍ ദൂരെ നിന്നുള്ള ഫ്രീകിക്കുകള്‍ ക്രിസ്റ്റിയാനോ തന്നെ എടുക്കുമെന്നും അല്ലെഗ്രി വ്യക്തമാക്കി.

ടീം മാനേജരെ ഈ വിശദീകരണത്തിന് നിര്‍ബന്ധിതനാക്കിയതാകട്ടെ ഡിബാല സോഷ്യല്‍മീഡിയയിലിട്ട ഒരു ചിത്രമായിരുന്നു. തികച്ചും നിരുപദ്രവകരമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപ്പിക്കുന്ന ക്രിസ്റ്റ്യാനോക്കൊപ്പമുള്ള ചിത്രമാണ് വിവാദമായത്. ചിത്രത്തിന്റെ ഒരുഭാഗത്ത് ടീമിന്റെ തന്ത്രങ്ങള്‍ കുറിച്ചിട്ട ഒരു പട്ടികയാണ് ചില ആരാധകര്‍ കണ്ടെത്തി വിവാദമാക്കിയത്. മത്സരങ്ങളിലെ പ്രത്യേക സാഹചര്യങ്ങളില്‍ ടീമിലെ ആര്‍ക്കെല്ലാം മുന്‍ഗണന കൊടുക്കണമെന്നതായിരുന്നു ഈ കുറിപ്പിലുണ്ടായിരുന്നത്. ഇതില്‍ ഫ്രീകിക്കിന്റെ സ്ഥാനത്ത് റൊണാള്‍ഡോയുടെ പേരില്ലാതെ വന്നതോടെയാണ് മാനേജര്‍ക്ക് തന്നെ വിശദീകരണം നല്‍കേണ്ടി വന്നത്.

Similar Posts