ടീമിന് സ്വപ്‌നകുതിപ്പ് നല്‍കിയ താത്കാലിക പരിശീലകനെ റയല്‍ സ്ഥിരപ്പെടുത്തി
|സൊളാരി സ്ഥാനമേറ്റെടുത്ത ശേഷം കളിച്ച നാലു മത്സരങ്ങളിലും റയല്‍ ജയിച്ചു. ഈ മത്സരങ്ങളിലാകെ റയല്‍ 15 ഗോളുകളടിച്ചപ്പോള്‍ വെറും രണ്ട് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്.
റയല്‍ മാഡ്രിഡിന്റെ താല്‍ക്കാലിക പരിശീലകന്‍ സാന്റിയാഗോ സൊളാരി സ്ഥിരം പരിശീലകനാകും. സൊളാരി സ്ഥാനമേറ്റ ശേഷം റയല്‍ മാഡ്രിഡ് തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ ജയിച്ചിരുന്നു. ഈ മികച്ച പ്രകടനമാണ് സൊളാരിയെ തുണച്ചതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തോല്‍വികള്‍ തുടര്‍ക്കഥയായതോടെയാണ് റയല്‍ മാഡ്രിഡിന്റെ മുന്‍ പരിശീലകന്‍ ജുലന്‍ ലോപറ്റേഗിക്ക് സ്ഥാനം നഷ്ടമായത്. എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയ്‌ക്കെതിരായ തോല്‍വിക്കു പിന്നാലെയായിരുന്നു റയല്‍ പരിശീലകനെ പുറത്താക്കിയത്. ഇതിനു പിന്നാലെയാണ് താല്‍ക്കാലിക പരിശീലകനായി സൊളാരിയെത്തി.
മുന്‍ റയല്‍ മാഡ്രിഡ് താരം കൂടിയായ സൊളാരി 2016 മുതല്‍ റയലിന്റെ ബി ടീമിനെ പരിശീലിപ്പിച്ചുവരികയായിരുന്നു. നാല്‍പ്പത്തിരണ്ടു കാരനായ സൊളാരി സ്ഥാനമേറ്റെടുത്ത ശേഷം കളിച്ച നാലു മത്സരങ്ങളിലും റയല്‍ ജയിച്ചു. ഇതിനൊപ്പം ഈ മത്സരങ്ങളിലാകെ റയല്‍ 15 ഗോളുകളടിച്ചപ്പോള്‍ വെറും രണ്ട് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്.
റയലില്‍ നിന്നും സൊളാരിയുടെ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചുവെന്ന് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ റയലില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സ്പാനിഷ് ഫുട്‌ബോള്‍ നിയമപ്രകാരം 15 ദിവസം മാത്രമേ ഒരാള്‍ക്ക് താല്‍ക്കാലിക പരിശീലകനായി തുടരാന്‍ സാധിക്കൂ. തിങ്കളാഴ്ച സൊളാരി ചുമതലയേറ്റ് 15 ദിവസം പൂര്‍ത്തിയായിരുന്നു.