Football
കളിച്ചത് ഏഴ് മിനുറ്റ്;  പരിക്കേറ്റ് നെയ്മര്‍ മടങ്ങി, ആശങ്ക പി.എസ്.ജിക്ക് 
Football

കളിച്ചത് ഏഴ് മിനുറ്റ്; പരിക്കേറ്റ് നെയ്മര്‍ മടങ്ങി, ആശങ്ക പി.എസ്.ജിക്ക് 

Web Desk
|
21 Nov 2018 3:43 AM GMT

കാമറൂണിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് പരിക്കേറ്റു. 

കാമറൂണിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് പരിക്കേറ്റു. ആദ്യ ഏഴ് മിനുറ്റ് മാത്രമെ സൂപ്പര്‍താരത്തിന് കളിക്കാനായുള്ളൂ. മസിലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. പിന്നാലെ റിച്ചാര്‍ലിസണ്‍ നെയ്മര്‍ക്ക് പകരക്കാരനായി ടീമിലെത്തി. മത്സരത്തിന്റെ അഞ്ചാം മിനുറ്റില്‍ ഗോള്‍വല ലക്ഷ്യമാക്കി തൊടുത്ത ഷോട്ടാണ് താരത്തിന് വിനയായത്. പിന്നാലെ കളം വിടുകയും ചെയ്തു. നെയ്മര്‍ പരിക്കേറ്റ് മടങ്ങിയത് കാണികള്‍ക്കും നിരാശ സമ്മാനിച്ചു. നെയ്മര്‍ കളത്തിലെത്തിയപ്പോള്‍ തന്നെ ആര്‍പ്പുവിളികളോടെയാണ് താരത്തെ സ്വീകരിച്ചത്. ലണ്ടനിലായിരുന്നു മത്സരം.

അതേസമയം നെയ്മറുടെ പരിക്ക് ബ്രസീലിനെ അത്ര കാര്യമായി ബാധിക്കില്ലെങ്കിലും പിഎസ്ജിക്ക് തിരിച്ചടിയാണ്. ചാമ്പ്യന്‍സ് ലീഗില്‍ അടുത്ത ആഴ്ച ലിവര്‍പൂളിനെതിരെ പിഎസ്ജിക്ക് നിര്‍ണായകമായ മത്സരമുണ്ട്. അതില്‍ കളിക്കാനാവുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ചുമലിനേറ്റ പരിക്ക് കാരണം പിഎസ്ജിയുടെ മറ്റൊരു സ്‌ട്രൈക്കര്‍ ഫ്രാന്‍സിന്റെ കെയ്‌ലിയന്‍ എംബാപ്പയും കളിക്കുമോ എന്ന ആശങ്കയ്ക്കിടയിലാണ് നെയ്മറിന് പരിക്കേല്‍ക്കുന്നതും. അതേസമയം നെയ്മറുടെ പരിക്ക് സംബന്ധിച്ച് ടീം ഡോക്ടര്‍ പറയുന്നത്, ഗുരുതരമല്ലെന്നാണ്. അദ്ദേഹത്തിന് എന്തോ അസ്വസ്ഥത അനുഭവപ്പെട്ടെന്നും സ്‌കാന് ചെയ്തിന് ശേഷം മാത്രമെ എത്ര ആഴ്ച വിശ്രമം വേണ്ടിവരും എന്നത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാവൂ എന്നുമാണ് അദ്ദേഹം പറയുന്നത്.

അതേസമയം കാമറൂണിനെതിരായ മത്സരത്തില്‍ ബ്രസീല്‍ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിക്കുകയും ചെയ്തു. നെയ്മറിന് പകരക്കാരനായി എത്തിയ റിച്ചാര്‍ലിസണാണ് തകര്‍പ്പനൊരു ഹെഡറിലൂടെ ഗോള്‍ നേടിയത്. 45ാം മിനുറ്റില്‍ തകര്‍പ്പനൊരു ഹെഡറിലൂടെയായിരുന്നു റിച്ചാര്‍ലിസണിന്റെ ഗോള്‍. നിരവധി അവസരങ്ങള്‍ ബ്രസീലിന് ലഭിച്ചെങ്കിലും ഗോള്‍ അകന്നു. കാമറൂണ്‍ ഗോള്‍കീപ്പറുടെ ചില സേവുകളും അവര്‍ക്ക് തുണയായി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ബ്രസീല്‍ 1-0 എന്ന സ്‌കോറിന് ജയിക്കുന്നത്.

Related Tags :
Similar Posts