ബാലണ്‍ ഡി ഓര്‍; മെസി ചിത്രത്തിലില്ല, റൊണാള്‍ഡോക്കും നിരാശയെന്ന് പ്രവചനം
|മറ്റൊരു വിചിത്രമായ കാര്യം കൂടി സ്‌കൈ ഇറ്റാലിയ പ്രവചിക്കുന്നുണ്ട്. ഗാലയില്‍ തിങ്കളാഴ്ച്ച നടക്കുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ദാന ചടങ്ങില്‍ റൊണാള്‍ഡോയും ഗ്രീസ്മാനും പങ്കെടുക്കുന്നില്ലെന്നാണ്
ഈവര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ ആര്‍ക്കെന്ന് പ്രവചിച്ച് ഇറ്റാലിയന്‍ മാധ്യമമായ സ്‌കൈ ഇറ്റാലിയ. ബാലണ്‍ ഡി ഓര്‍ ജേതാവിനെ മാത്രമല്ല രണ്ട്, മൂന്ന് സ്ഥാനക്കാരേയും സ്‌കൈ ഇറ്റാലിയ പ്രവചിച്ചിട്ടുണ്ട്. യുവേഫയുടേയും ഫിഫയുടേയും ഈ വര്‍ഷത്തെ താരമായി തെരഞ്ഞെടുക്കപ്പെട്ട ലൂക്ക മോഡ്രിച്ചിന് തന്നെയാകും ബാലണ്‍ ഡി ഓര്‍ എന്നാണ് പ്രധാന പ്രവചനം.
ഈവര്‍ഷത്തെ പ്രധാന പുരസ്‌കാരങ്ങളെല്ലാം മോഡ്രിച്ചിന്റെ ഷെല്‍ഫിലെത്തുമെന്നാണ് സ്‌കൈ ഇറ്റാലിയ പറയുന്നത്. അതുകൊണ്ടുതന്നെ പ്രവചനം ശരിയായാല്‍ ഈ വര്‍ഷം അന്റോണിയോ ഗ്രീസ്മാനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും നിരാശപ്പെടേണ്ടി വരും. റയല്‍മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗും ക്രൊയേഷ്യക്ക് ലോകകപ്പ് രണ്ടാം സ്ഥാനവും നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ലൂക്കയുടെ പേര് ബാലണ്‍ ഡി ഓറിലും പതിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ വര്‍ഷവും മിന്നും പ്രകടനം തുടരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരാണ് ലൂക്കയ്ക്ക് പുറമേ പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ക്രിസ്റ്റ്യാനോ വോട്ടിംങില്‍ രണ്ടാമതെത്തുമെന്നാണ് പ്രവചനം. റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ ക്രിസ്റ്റ്യാനോയും നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു.
ഗ്രീസ്മാനും ഗംഭീര വര്‍ഷമാണ് 2018 ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുത്തതിന് പിന്നാലെ അത്‌ലറ്റികോ മാഡ്രിഡിനെ യൂറോപ ചാമ്പ്യമാരാക്കിയതിലും യുവേഫ സൂപ്പര്‍ കപ്പ് നേടിക്കൊടുത്തതിലും ഗ്രീസ്മാന്‍ വലിയ പങ്കുണ്ട്. മറ്റൊരു വിചിത്രമായ കാര്യം കൂടി സ്‌കൈ ഇറ്റാലിയ പ്രവചിക്കുന്നുണ്ട്. ഗാലയില്‍ തിങ്കളാഴ്ച്ച നടക്കുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ദാന ചടങ്ങില്‍ റൊണാള്‍ഡോയും ഗ്രീസ്മാനും പങ്കെടുക്കുന്നില്ലെന്നാണ് സ്‌കൈ ഇറ്റാലിയയുടെ അവകാശവാദം.
കിലിയന്‍ എംബപെക്ക് കോപ ട്രോഫിയും ബ്രസീലിന്റെ മാര്‍ത്തയ്ക്ക് മികച്ച വനിതാ താരത്തിന്റെ പുരസ്‌ക്കാരവും ലഭിക്കുമെന്നും പ്രവചനമുണ്ട്.