ആദ്യപകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍, എന്നിട്ടും ബ്ലാസ്റ്റേഴ്സിന് സമനില
|ആദ്യ പകുതിയില്‍ സ്ലാവിസ സ്റ്റോയ്നോവിച്ച് (16’), കറേജ് പെക്കൂസന് (40’) എന്നിവരുടെ ഗോളുകളിലാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്.
ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയ ശേഷം പോയിന്റ് ടേബിളില്‍ ഒന്നാംസ്ഥാനക്കാരായ ബംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. തുടക്കത്തില്‍ കളം നിറഞ്ഞ് കളിക്കുകയും അവസാന മിനുറ്റുകളില്‍ തുടര്‍ച്ചയായി ഗോളുകള്‍ വഴങ്ങുകയും ചെയ്തതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. എന്നാല്‍ ഒന്നാം സ്ഥാനക്കാരെ അവരുടെ ഹോംഗ്രൌണ്ടില് വിറപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സ് മത്സരം അവസാനിപ്പിച്ചത്.
ആദ്യ പകുതിയില്‍ സ്ലാവിസ സ്റ്റോയ്നോവിച്ച് (16'), കറേജ് പെക്കൂസന് (40') എന്നിവരുടെ ഗോളുകളിലാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ഇതില്‍ സ്റ്റോയ്നോവിച്ചിന്റെ ഗോള്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നു. ബംഗളൂരുവിനെതിരെ അവരുടെ തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സ് അവിശ്വസനീയമായ പ്രകടനമാണ് നടത്തിയത്. മത്സരം അതിസമ്മര്ദത്തിലേക്ക് നീങ്ങിയതോടെ രണ്ടാം പകുതിയില്‍ പലപ്പോഴും കയ്യാങ്കളിയിലേക്കു നീങ്ങുകയും ചെയ്തു.
ആദ്യപകുതിയില്‍ രണ്ട് ഗോള്‍ വഴങ്ങിയ ബംഗളൂരു എഫ്സി രണ്ടാംപകുതിയില്‍ ആക്രമണ ഫുട്ബോളുമായാണ് കളം നിറഞ്ഞത്. അതിന്റെ ഫലമായി ഉദാന്ത സിങ് (69'), സുനില്‍ ഛേത്രി (85') എന്നിവര്‍ ഗോളുകളും നേടി. ഇതോടെ ബംഗളൂരുവിന് ആശ്വാസ സമനിലയും സ്വന്തമാക്കി. ബെംഗളൂരു 14 മല്‍സരങ്ങളില്‍നിന്ന് 31 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സീസണിലെ എട്ടാം സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ്15 കളികളില്‍നിന്ന് 11 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്.