Football
അഗ്വേറോ മാഞ്ചസ്റ്റർ സിറ്റി വിടുന്നു, ബാഴ്‌സയിലേക്കെന്ന് സൂചന
Football

അഗ്വേറോ മാഞ്ചസ്റ്റർ സിറ്റി വിടുന്നു, ബാഴ്‌സയിലേക്കെന്ന് സൂചന

Andrés
|
30 March 2021 8:51 AM GMT

ക്ലബ്ബ് വിടുന്ന താരത്തിന് ആഘോഷപൂർവമുള്ള യാത്രയയപ്പ് നൽകാനാണ് മാഞ്ചസ്റ്റർ സിറ്റി മാനേജ്‌മെന്റ് ഒരുങ്ങുന്നത്.

മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം സെർജിയോ അഗ്വേറോ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് പടിയിറങ്ങുന്നു. ഈ സീസൺ അവസാനത്തിൽ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുന്ന താരം അടുത്ത സീസണിൽ ടീമിലുണ്ടാവില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി സ്ഥിരീകരിച്ചു. 2011 മുതൽ അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബിലെ സ്ഥിരസാന്നിധ്യമായിരുന്ന താരം സിറ്റിയുടെ എക്കാലത്തെയും ടോപ് സ്‌കോററുമാണ്.

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിലേക്ക് കൂടുമാറുന്നതിന്റെ ഭാഗമായാണ് അഗ്വേറോ സിറ്റിയുമായുള്ള കരാർ പുതുക്കാത്തത് എന്നാണ് വിവരം. ലൂയിസ് സുവാരസ് ക്ലബ്ബ് വിട്ടതിനു ശേഷം അഗ്വേറോയെ ടീമിലെത്തിക്കുന്നതിനായി ബാഴ്‌സ ശ്രമം നടത്തുന്നുണ്ട്. സൂപ്പർതാരം ലയണൽ മെസിയെ ടീമിൽ പിടിച്ചുനിർത്താൻ സുഹൃത്തും അർജന്റീനക്കാരനുമായ അഗ്വേറോയുടെ വരവ് സഹായിക്കുമെന്നും ബാഴ്‌സ മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന ബാഴ്‌സക്ക്, ഫ്രീ ഏജന്റായി അഗ്വേറോ വരുന്നത് ഏറെ സഹായകരമാവും. മെസിക്കൊപ്പം കളിക്കുന്നതിനായി, മാഞ്ചസ്റ്റർ സിറ്റിയിലേതിനേക്കാൾ കുറഞ്ഞ വേതനമാവും അഗ്വേറോ ബാഴ്‌സയിൽ വാങ്ങുക എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, താരവും ബാഴ്‌സയും തമ്മിലുള്ള ചർച്ചകൾക്ക് അന്തിമ രൂപമായിട്ടില്ല.

വർത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിലൊരാളായ അഗ്വേറോ ഒരു ആൾ ഔട്ട് സെൻട്രൽ ഫോർവേഡ് ആയാണ് വിശേഷിപ്പിക്കപ്പെടുന്നത്. സ്‌ട്രൈക്കറായും സെക്കന്റ് സ്‌ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരം പാസിങിലും സഹതാരങ്ങളുമായി ലങ്ക് ചെയ്യുന്നതിലും ഗോളടിക്കാൻ അവസരമൊരുക്കുന്നതിലും മികവ് പുലർത്തുന്നു. ബ്രസീലിന്റെ ഇതിഹാസ താരം റൊണാൾഡോയിൽ നിന്ന് സ്വാധീനമുൾക്കൊണ്ട അഗ്വേറോ ഇരുകാലുകൾ കൊണ്ടും ഗോൾ നേടാൻ ശേഷിയുള്ള താരമാണ്.

2011-ൽ അത്‌ലറ്റികോ മാഡ്രിഡിൽ നിന്നെത്തിയ അഗ്വേറോ നാല് പ്രീമിയർ ലീഗ് കിരീടങ്ങളും അഞ്ച് ലീഗ് കപ്പുകളും ഒരുതവണ എഫ്.എ കപ്പും നേടാൻ മാഞ്ചസ്റ്റർ സിറ്റിയെ സഹായിച്ചു. 181 പ്രീമിയർ ലീഗ് ഗോളുകൾ സ്വന്തമാക്കിയ താരം, ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വിദേശതാരമെന്ന ബഹുമതിയും സ്വന്തം പേരിലാക്കി. 2011-12 പ്രീമിയർ ലീഗ് സീസണിലെ അവസാന മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ അഗ്വേറോ നേടിയ ഗോളാണ് സിറ്റിക്ക് കിരീടം നേടിക്കൊടുത്തത്.

സീസണിൽ പ്രീമിയർ ലീഗ് കിരീടം ഏറെക്കുറെ ഉറപ്പിച്ച സിറ്റി, ക്ലബ്ബ് വിടുന്ന താരത്തിന് ആഘോഷപൂർവമുള്ള യാത്രയയപ്പ് നൽകാനാണ് മാഞ്ചസ്റ്റർ സിറ്റി മാനേജ്‌മെന്റ് ഒരുങ്ങുന്നത്. ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തിനു പുറത്ത് അർജന്റീനാ താരത്തിന്റെ പ്രതിമ സ്ഥാപിക്കാനും തീരുമാനമുണ്ട്. വിൻസന്റ് കംപനി, ഡേവിഡ് സിൽവ എന്നിവരുടെ പ്രതിമക്കൊപ്പമാണ് അഗ്വേറോയുടേതും ഉയരുക.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts