Football
ജയിച്ചില്ലെങ്കിൽ കിരീടം കൈവിടും; ഇരുടീമിനും നിർണായകമായ എൽ ക്ലാസിക്കോ ഇന്ന്
Football

ജയിച്ചില്ലെങ്കിൽ കിരീടം കൈവിടും; ഇരുടീമിനും നിർണായകമായ 'എൽ ക്ലാസിക്കോ' ഇന്ന്

Andrés
|
10 April 2021 8:00 AM GMT

ഇരുടീമുകളുടെയും മധ്യനിര കാര്യമായി പരീക്ഷിക്കപ്പെടുന്ന മത്സരമായിരിക്കും ഇന്നത്തേത്. മെസിയെ കെട്ടിപ്പൂട്ടി നിർത്തുക എന്നതാവും കാസമിറോയുടെ ചുമതല.

കിരീടപ്പോരാട്ടം ഇഞ്ചോടിഞ്ചായി മാറിയ സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ റയൽ മാഡ്രിഡിനും ബാഴ്‌സലോണക്കും നിർണായകമായ എൽ ക്ലാസിക്കോ മത്സരം ഇന്ന്. റയൽ മാഡ്രിഡിന്റെ തട്ടകമായ ആൽഫ്രെഡോ ഡിസ്റ്റഫാനോ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം 12.30 നാണ് കിക്കോഫ്. പോയിന്റ് ടേബിളിൽ അത്‌ലറ്റികോ മാഡ്രിഡിനു പിന്നിലായി രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സക്കും മൂന്നാമതുള്ള റയലിനും ഇന്നത്തെ ഹൈവോൾട്ടേജ് മത്സരത്തിൽ ജയം അനിവാര്യമാണ്. തോൽക്കുന്ന ടീമിന്റെ കിരീടസാധ്യതകൾ അവതാളത്തിലാകും.

ജയിക്കാതിരിക്കാനാവില്ല

29 റൗണ്ട് മത്സരങ്ങൾ പിന്നിട്ട ലാലിഗയിൽ 66 പോയിന്റാണ് ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിനുള്ളത്. 65 പോയിന്റുമായി തൊട്ടുപിന്നിലുണ്ട് ബാഴ്‌സ. 63 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാരായ റയലിനുള്ളത്. ഇന്നത്തെ മത്സരത്തിലെ ജയവും തോൽവിയും സമനിലയുമെല്ലാം കിരീടപോരാട്ടത്തിൽ നിർണായകമാകും എന്നതിൽ സംശയമില്ല.

സ്വന്തം തട്ടകത്തിൽ കഴിഞ്ഞ വർഷം സെപ്തംബർ 24-ന് നടന്ന സീസണിലെ ആദ്യ എൽക്ലാസിക്കോയിൽ റയലിനോടേറ്റ തോൽവിക്ക് പകരം വീട്ടുക എന്നതിനൊപ്പം പോയിന്റ് ടേബിളിലെ സമ്മർദം തുടരുക എന്നതാണ് ബാഴ്‌സയുടെ ലക്ഷ്യം. റയലിനാകട്ടെ, ശേഷിക്കുന്ന ഒമ്പത് മത്സരങ്ങളിൽ ഒരു തോൽവി എന്നത് കിരീടം കൈവിടുന്നതിനു തുല്യമാണ്. മാത്രമല്ല, ബാഴ്‌സയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനുള്ള സുവർണാവസരവുമാണിത്.

എൽ ക്ലാസിക്കോ സമനിലയിൽ അവസാനിക്കാനായിരിക്കും അത്‌ലറ്റികോ മാഡ്രിഡ് ആഗ്രഹിക്കുക. കാരണം, ഏത് ടീം ജയിച്ചാലും അത് തങ്ങൾക്കുമേലുള്ള സമ്മർദം വർധിപ്പിക്കുമെന്ന് ഡിഗോ സിമിയോണിയുടെ സംഘം കണക്കുകൂട്ടുന്നു.

ആര് ജയിക്കും? എല്ലാം കടുപ്പം

കഴിഞ്ഞയാഴ്ച ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെ 3-1ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അതേ മൈതാനത്ത് റയൽ മാഡ്രിഡ് ബൂട്ടുകെട്ടുന്നത്. ഫസ്റ്റ് ചോയ്‌സ് സെന്റർ ബാക്കുകളായ സെർജിയോ റാമോസും റാഫേൽ വരാനും തിരിച്ചുവന്നിട്ടില്ലാത്തതിനാൽ ലിവർപൂളിനെ തോൽപ്പിച്ച അതേ ടീമിനെ തന്നെയാവും സിദാൻ ഇന്നും ഇറക്കുക. അവസാന നാല് ലീഗ് മത്സരങ്ങളിൽ നിന്നായി ആറ് ഗോൾ നേടിയിട്ടുള്ള കരീം ബെൻസേമയും മികച്ച ഫോമിലുള്ള വിനിഷ്യസ് ജൂനിയറും അണിനിരക്കുന്ന അറ്റാക്കിങ്, ടോണി ക്രൂസും കാസമിറോയും ലൂക്കാ മോഡ്രിച്ചുമടങ്ങുന്ന മിഡ്ഫീൽഡ് എന്നിവ പ്രതിരോധത്തിലെ പോരായ്മ പരിഹരിക്കാൻ പര്യാപ്തമാണ്.

സീസൺ തുടക്കത്തിലെ മുടന്തലിനു ശേഷം മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ ബാഴ്‌സലോണ 2021-ൽ ലാലിഗയിൽ കളിച്ച എല്ലാ മത്സരവും ജയിച്ചാണ് ഈ വർഷത്തെ ആദ്യ എൽ ക്ലാസിക്കോയ്ക്ക് ഇറങ്ങുന്നത്. ലീഗിലെ ടോപ് സ്‌കോററായ സൂപ്പർതാരം ലയണൽ മെസി തന്നെയാണ് അവരുടെ കുന്തമുന. ചാമ്പ്യൻസ് ലീഗിൽ നിന്നു പുറത്തായ സ്ഥിതിക്ക് ലീഗ് കിരീടം ലക്ഷ്യമിടുന്ന കാറ്റലൻ സംഘത്തിന് വെറ്ററൻ താരങ്ങളായ ജെറാഡ് പിക്വെയുടെയും സെർജി റോബർട്ടോയുടെയും തിരിച്ചുവരവ് ആശ്വാസം പകരും. എന്നാൽ, സ്റ്റാർട്ടിങ് ഇലവനിൽ ഇരുവർക്കും റൊണാൾഡ് കൂമാൻ അവസരം നൽകാൻ സാധ്യത കുറവാണ്. ലീഗിൽ അവസാനം കളിച്ച മത്സരത്തിൽ ഏറെ വെള്ളം കുടിച്ച ശേഷമാണ് ബാഴ്‌സ മൂന്ന് പോയിന്റ് പിടിച്ചെടുത്തത്.

ഇരുടീമുകളുടെയും മധ്യനിര കാര്യമായി പരീക്ഷിക്കപ്പെടുന്ന മത്സരമായിരിക്കും ഇന്നത്തേത്. മെസിയെ കെട്ടിപ്പൂട്ടി നിർത്തുക എന്നതാവും കാസമിറോയുടെ ചുമതല. എന്നാൽ, റാമോസിന്റെയും വരാന്റെയും അഭാവത്തിൽ പ്രതിരോധത്തിലൂന്നാൻ റയൽ തയ്യാറായേക്കില്ല. പതിവുശൈലിയിൽ പന്ത് ഹോൾഡ് ചെയ്ത് ബാഴ്‌സയും വിങ്ങുകൾ ഉപയോഗപ്പെടുത്തിയുള്ള അതിവേഗ നീക്കങ്ങളിലൂടെ റയലും കളിക്കുമ്പോൾ കളി ചൂടേറുമെന്നുറപ്പ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts