വലയില്‍ വീണ കിളികളാകരുത് നാം - എടിഎം സുരക്ഷ സംബന്ധിച്ച ചില സൂചനകള്‍
|ഹിക്കാന്‍ എളുപ്പമുള്ള അടയാളവാക്ക് തിരഞ്ഞെടുക്കാതിരിക്കുക. ജനിച്ച വര്‍ഷം PIN ആയി തിരഞ്ഞെടുത്ത വ്യക്തിയുടെ കാര്‍ഡ് കൈമോശം വരികയോ മോഷ്ടിക്കുകയോ ചെയ്താലോ. പിന്നെ പെട്ടെന്ന് തന്നെ ഒന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ അല്ലെങ്കില്‍ ഫേസ്ബുക്കില്‍ തിരഞ്ഞാല്‍ ജനന വര്‍ഷം കിട്ടാന്‍ ആണോ പാട്!,
നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ എടിഎമ്മുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകളാണ് അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അന്തര്‍ദേശീയ ബന്ധമുള്ള സൈബര്‍ മോഷ്ടാക്കള്‍ മുതല്‍ സംസ്ഥാനടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മോഷ്ടാക്കള്‍ വരെ നീളുന്ന ഈ ശൃംഖല,. തട്ടിപ്പിന് ഇരയായവരില്‍ സമൂഹത്തിന്റെ പല മേഖലകളിലും ഉള്ളവരുമുണ്ടെന്നത് ഇതിന്റെ ഗൌരവം വ്യക്തമാക്കുന്നു. വളര്‍ന്നു വരുന്ന ഈ കെണിയില്‍ പെടാതിരിക്കാന്‍ വ്യക്തികള്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളെ കുറിച്ച് സൈബര്‍ വിദഗ്ധനും ബാങ്ക് ജീവനക്കാരുനും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവുമായ വികെ ആദര്‍ശിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
നമ്മളുമായി ബന്ധപ്പെട്ട നിയമപരമായതോ നിര്‍ണായകമായതോ ആയ വിവരങ്ങള്‍ പബ്ലിക് ഡൊമൈനില്‍ പങ്ക് വയ്ക്കുന്നത് വളരെയധികം റിസ്ക് ഉള്ള ഏര്‍പ്പാട് ആണ്.
ഉദാഹരണത്തിന് പാസ്പോര്‍ട്ടിന്റെയോ ഡ്രൈവിങ്ങ് ലൈസന്‍സിന്റേയോ പടം ഒരു പക്ഷെ അത് കിട്ടിയ/പുതുക്കിയ സന്തോഷം പത്ത് പേരെ അറിയിക്കാന്‍ ഉടന്‍ തന്നെ മൊബൈലില്‍ ഫോട്ടോ ആയി എടുത്ത് ടപേന്ന് ഫേസ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ഇടും. ഇത് കാണുന്ന ഒരു കുബുദ്ധിക്ക് പെട്ടെന്ന് തന്നെ അത് ഡൗൺലോഡ് ചെയ്ത് എന്തോക്കെ തരത്തില്‍ ദുരുപയോഗം ചെയ്യാം. ഒരു സാധ്യത മാത്രം പറയാം, അയാള്‍ നിങ്ങളുടെ മൊബൈല്‍ സിം കളഞ്ഞ് പോയി എന്ന വ്യാജേന ഈ തിരിച്ചറിയല്‍ രേഖയുടേയും ഒരു ഫോട്ടോയുടെയും പിന് ബലത്തില്‍ കാര്യം കൂളായി സാധിച്ചെടുക്കും. ഓഹ് അതെങ്ങനെ എന്നാകും ചിന്തിക്കുന്നത്? ഈ തിരിച്ചറിയല്‍ കാര്‍ഡില്‍ നിങ്ങളുടെ ഫോട്ടോയും ഒപ്പും ഉണ്ട്. ഇനി അഥവാ ഫോട്ടൊ അത്ര പോരാ എങ്കില്‍ ഒന്ന് നിങ്ങളുടെ ഫേസ്ബുക്കില്‍ തിരഞ്ഞാല്‍ നിങ്ങള്‍ തന്നെ ഒന്നാം തരം പാസ്പോര്‍ട്ട് സൈസ് ഫോട്ടൊ നല്ല വ്യക്തതയില്‍ എടുത്ത് ഇട്ടിട്ടുണ്ടാകും. പിന്നെ ജനനതീയതി ആയാലും മാതാപിതാക്കളുടെ പേര് തന്നെ ആയാലും ഒന്ന് ശ്രമിച്ചാല്‍ എളുപ്പം തപ്പി എടുക്കാം. ചുരുക്കത്തില്‍ ഒന്ന് കരുതേണ്ടതുണ്ട്. ടെലകോം സേവന ദാതാക്കള്‍ കരുതല്‍ പരമാവധി എടുത്തേ ഡ്യൂപ്ലിക്കേറ്റ് സിം ഇഷ്യൂ ചെയ്യാവു എന്നിരിക്കിലും ചെറിയ പഴുത് പോലും ഒഴിവാക്കേണ്ടതുള്ളതിനാല് പറഞ്ഞു എന്ന് മാത്രം. എല്ലാ ടെലകോം സേവന ദാതാക്കളും ബി എസ് എന്‍ എല്‍ പോലെ ആകണമെന്നുമില്ല :-). ഇനി ശരിക്ക് സിം/മൊബൈല്‍ കളഞ്ഞ് പോയി ടെലകോം കമ്പനിയില്‍ ശരിപ്പകര്‍പ്പ് സിം എടുക്കാന്‍ പോകുമ്പോള്‍ അവര്‍ കുറ്റമറ്റ തരത്തില്‍ രേഖകള്‍ ഒത്തുനോക്കാന്‍ സമയമെടുത്താല്‍ അവിടെ മിക്കവരും കമ്പനിയുടെ മേക്കിട്ട് കയറും എന്നതും കൂട്ടി വായിക്കുക. (10 ഓ 15 ഓ വര്‍ഷം മുന്നെ സിം എടുത്ത സമയത്ത് നാം കൊടുത്ത ഫോട്ടോയുടേയും പിന്നെ വോട്ടര്‍ ഐഡിയിലെ നമ്മുടെ തന്നെ കോലം അറിയാല്ലോ, അത് വച്ച് മുന്നില്‍ നില്ക്കുന്ന ആളെ തിരിച്ചറിയുന്നവരെ സമ്മതിക്കണം)
എന്ന് വച്ച് വ്യക്തിയുടെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമായി ഇടാന്‍ ഭയപ്പെടേണ്ട ആവശ്യമില്ല, പലപ്പോഴും സ്കൂളിലും എന്തിനധികം എല്‍ കെ ജി യില്‍ കൂടെ പഠിച്ചവര്‍ ഒക്കെ നമ്മെ തിരിച്ചറിഞ്ഞ് കൂട്ടുകൂടാന്‍ ചിത്രം അനിവാര്യം തന്നെ. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡൊക്കെ ഇടുന്നത് ഒരു തരത്തിലും നന്നല്ല എന്ന് ഇനിയും പറയേണ്ടതില്ലല്ലോ.
അടുത്ത പ്രധാന പ്രശ്നം #ATM PIN, ഇ മെയില്‍ / ഫേസ്ബുക്ക് പാസ്വേഡ് ആണ്. ഊഹിക്കാന്‍ എളുപ്പമുള്ള അടയാളവാക്ക് തിരഞ്ഞെടുക്കാതിരിക്കുക. ജനിച്ച വര്‍ഷം PIN ആയി തിരഞ്ഞെടുത്ത വ്യക്തിയുടെ കാര്‍ഡ് കൈമോശം വരികയോ മോഷ്ടിക്കുകയോ ചെയ്താലോ. പിന്നെ പെട്ടെന്ന് തന്നെ ഒന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ അല്ലെങ്കില്‍ ഫേസ്ബുക്കില്‍ തിരഞ്ഞാല്‍ ജനന വര്‍ഷം കിട്ടാന്‍ ആണോ പാട്!, മോഷ്ടാവ് ആദ്യം തിരയുന്നത് ജന്മവര്ഷം, ഭാര്യ/ഭര്‍ത്താവ്/മക്കളുടെ ഒക്കെ ജന്മവര്‍ഷവും പിന് ആയി തിരഞ്ഞെടുക്കേണ്ട. അത് പോലെ തന്നെ എടിഎം കവറിന് മുകളില്‍ അടയാള അക്കക്കൂട്ടം അഥവാ പിന് എഴുതിയിടുന്നത് ഒരു തരത്തിലും ചെയ്യരുത്. കളഞ്ഞ് പോയാലോ കൈക്കലാക്കിയാലോ ഒപ്പം തന്നെ പിന് ഉള്‍പ്പടെ ലഭിക്കും എന്ന് ഓര്‍ക്കുക. ഇമെയില്‍ / സോഷ്യല്‍ നെറ്റ്വര്ക്കിംഗ് പാസ്വേഡും കരുതലോടെ തിരഞ്ഞെടുക്കുക. india123, god12345, qwerty, kerala, 12345, name, place ഒക്കെ ദുര്‍ബല പാസ്വ്വേഡുകള് ആണ്. എന്ന് വച്ചാല്‍ ഊഹിക്കാന്‍ എത്രയെളുപ്പം.
ഇപ്പോള്‍ ബാങ്ക് അക്കൗണ്ട്, ഇമെയില്‍, ഫേസ്ബുക്ക് ഒക്കെ നിങ്ങളുടെ വ്യക്തിഗത മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ സുരക്ഷ നല്കാന് ആണ്. അഥവാ ഒരു കുബുദ്ധി അക്കൗണ്ട് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാലോ പാസ്വേഡില് കളിച്ചാലോ നമുക്ക് എസ് എം എസ് എത്തും. നമുക്ക് തന്നെ പാസ്വേഡ് മാറ്റേണ്ടി വന്നാല്‍ പോലും ഈ മൊബൈലില്‍ കൂടി ഉറപ്പ് വരുത്തിയ ശേഷം ആകും പുതിയ അടയാളവാക്കിട്ട് പൂട്ടാന്‍ അനുവദിക്കുന്നത്. അത് കൊണ്ട് ഒരു കാര്യം കൂടി ഉറപ്പാക്കുക. മൊബൈല്‍ നമ്പര്‍ മാറ്റുന്ന ശീലം ഉണ്ടെങ്കില്‍ അഥവാ നമ്പര്‍ മാറ്റം അനിവാര്യം ആയി വന്നെങ്കില്‍ ബാങ്കില്‍ അടക്കം എവിടെ ഒക്കെ ആണോ പഴയ നമ്പര്‍ കൊടുത്തത് അവിടെയെല്ലാം പുതിയ മൊബൈല്‍ നമ്പര്‍ നല്കി പുതുക്കുക. കാരണം അത്യാവശ്യ ഘട്ടങ്ങളില്‍ എസ് എം എസ് അയക്കുന്നത് ബാങ്ക് ന്റെ പക്കലുള്ള മൊബൈല്‍ നമ്പറിലേക്ക് മാത്രം ആകും.
വിരാമതിലകം : ഒറ്റത്തവണ പാസ്വേഡ് അഥവാ OTP നിങ്ങളുടെ സുരക്ഷയെ കരുതിയും തട്ടിപ്പ് ഒഴിവാക്കുക എന്ന ലക്ഷ്യവും മുന്‍ നിര്‍ത്തിയാണ്. ഇനി ആര് വിളിച്ചാലും, എന്ത് മോഹനസുന്ദര വാഗ്ദാനം നല്കി അത് ബാങ്കില്‍ നിന്ന് സെക്യൂരിറ്റി അപ്ഡേറ്റ് എന്ന് പറഞ്ഞ് ബാങ്ക് ഓഫീഷ്യല്‍ എന്ന് ചമഞ്ഞ് ഒക്കെ ആവശ്യപ്പെട്ടാലും OTP മറ്റാര്‍ക്കും നല്‍കരുത്, ആരു തന്നെ വിളിച്ചാലും. റിസര്‍വ് ബാങ്കും മറ്റെല്ലാ അംഗബാങ്കുകളും പലവട്ടം ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ബാങ്ക് ലയനം, ലോട്ടറി, ഇല്ലാത്ത അക്കൗണ്ടിലെ വല്ലാത്ത പണം എന്നിങ്ങനെ പല മോഹവല കുരുക്കളില്‍ കുടുക്കി ആവശ്യപ്പെടാം.
അതില്‍ കുരുങ്ങരുത്. വലയില്‍ വീണ കിളികളാകരുത് നാം !!
ATM സുരക്ഷയുമായി ബന്ധപ്പെട്ട് ഇത് കൂടി നമ്മളുമായി ബന്ധപ്പെട്ട നിയമപരമായതോ നിർണായകമായതോ ആയ വിവരങ്ങൾ പബ്ലിക് ഡൊമൈനിൽ പങ്...
Posted by വികെ ആദർശ് on Tuesday, October 18, 2016