വാക്സിന് ഔദ്യോഗിക പേര് രണ്ടുതരം: ക്വാറൻ്റൈനിൽ കുടുങ്ങി സൗദി പ്രവാസികൾ; സർക്കാർ ഇടപെടണമെന്ന് ആവശ്യം
|കോവിഷീൽഡ് വാക്സിൻ എന്ന പേരിനൊപ്പം ആസ്ട്രസെനിക എന്ന പേര് ചേർക്കാത്തതാണ് പ്രവാസികൾക്ക് വിനയാകുന്നത്
വാക്സിനെടുത്തിട്ടും സൗദിയിലെത്തുന്ന ഇന്ത്യൻ പ്രവാസികൾക്ക് രക്ഷയില്ല. ക്വാറന്റൈനിൽ പോകാതെ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് സൗദിയിൽ. ഇന്ത്യയിലും സൗദിയിലും വാക്സിന്റെ ഔദ്യോഗിക പേരിൽ നിലനിൽക്കുന്ന വ്യത്യാസമാണ് ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടിയാകുന്നത്.
സൗദിയിൽ അംഗീകാരമുള്ള വാക്സിനുകളിൽ ഇന്ത്യയിൽ ലഭ്യമായത് ആസ്ട്രസെനിക കന്പനിയുടെ കൊവിഷീൽഡാണ്. ഈ വാക്സിൻ സ്വീകരിച്ചാണ് ഭൂരിഭാഗം പ്രവാസികളും സൗദിയിലേക്ക് യാത്ര പുറപ്പെടുന്നതും. കേരളത്തിലടക്കം ഇന്ത്യയിൽ ഈ വാക്സിൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന പേര് 'കോവിഷീൽഡ്' എന്ന ബ്രാൻഡ് നെയിമാണ്. എന്നാൽ സൗദിയുടെ അംഗീകൃത പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ആസ്ട്രസെനിക എന്നും. കൊവിഷീൽഡ് എന്ന് മാത്രം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സൗദി വിമാനത്താവളങ്ങളിൽ സ്വീകരിക്കുന്നില്ല. കോവിഷീൽഡും ആസ്ട്രാസെനികയും ഒരേ വാക്സിനാണ് എന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥരെയും വിമാനക്കന്പനികളേയും ബോധ്യപ്പെടുത്താൻ പ്രവാസികൾ പ്രയാസപ്പെടുകയാണ്.
യാത്രക്കാരുടെ വാദം അംഗീകരിക്കാത്ത ഉദ്യോഗസ്ഥർ അവരെ നിർബന്ധിത ക്വാറന്റൈനിലേക്ക് അയക്കും. ഇതാകട്ടെ അതിഭീമമായ ചിലവ് വരുന്ന സംവിധാനമാണ്. 7 ദിവസ ഹോട്ടൽ ക്വാറന്റൈന് ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും മുടക്കണം. കേരളത്തിൽ നിന്ന് പോകുന്ന പ്രവാസികളിൽ മഹാഭൂരിഭാഗവും ഇതിന് ശേഷിയുള്ളവരല്ല. കേരളമടക്കം നൽകുന്ന വാക്സിൻ സർട്ടിഫിക്കറ്റുകളിൽ കോവിഷീൽഡ് എന്നതിനൊപ്പം ആസ്ട്രസെനിക എന്നു കൂടി രേഖപ്പെടുത്തിയാൽ ഈ പ്രശ്നം പരിഹരിക്കാനാകും.
സൗദിയിലേക്ക് നിലവിൽ ഇന്ത്യയിൽ നിന്ന് യാത്രാ വിലക്കുണ്ട്. ആരോഗ്യ പ്രവർത്തകർ മാത്രമാണ് ഇപ്പോൾ പ്രത്യേക വിമാന സർവീസ് വഴി സൗദിയിലെത്തുന്നത്. ഇവർക്കാണ് ഈ അനുഭവം നേരിടേണ്ടി വരുന്നത്. യാത്രാ വിലക്ക് നീങ്ങിയാൽ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ സൗദിയിൽ ക്വാറന്റൈനിൽ ഇളവ് ലഭിക്കൂ. അല്ലാത്തവരെല്ലാം വൻ തുക മുടക്കി ഹോട്ടൽ ക്വാറന്റൈനിൽ കഴിയേണ്ടി വരും. ഇത് പരിഗണിച്ച് കോവിഡ് വാക്സിൻ നൽകേണ്ടവരുടെ മുൻഗണനാ പട്ടികയിൽ കേരളം പ്രവാസികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഔദ്യോഗിക പേര് വ്യത്യാസം പരിഹരിക്കാതെ ഈ തീരുമാനം ഫലപ്രദമാകില്ല.
ആസ്ട്രസെനിക എന്ന് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്താൻ സാങ്കേതിക തടസ്സമുണ്ടെങ്കിൽ ഇന്ത്യയിൽ നൽകുന്ന കൊവിഷീൽഡും സൗദിയിലെ ആസ്ട്രസെനികയും ഒരേ മരുന്നാണെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തെ ബോധ്യപ്പെടുത്തണം. ഇല്ലെങ്കിൽ പ്രവാസികൾക്ക് വൻ സാമ്പത്തിക നഷ്ടവും തൊഴിൽ നഷ്ടവും നേരിടേണ്ടി വരും.
ഇതോടൊപ്പം വാക്സിനെടുക്കുന്നവർ രജിസ്റ്റർ ചെയ്യുമ്പോഴും വാക്സിനേഷന് പോകുമ്പോഴും തിരിച്ചറിയൽ രേഖയായി ആധാറിന് പകരം പാസ്പോർട്ട് നൽകണം. പാസ്പോർട്ട് നമ്പറാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ചേർക്കേണ്ടത്. രണ്ടു വാക്സിനും സ്വീകരിച്ചാൽ മാത്രമാകും സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് പ്രവാസികൾക്ക് പ്രവേശിക്കാനാവുക. അല്ലെങ്കിൽ സൗദിയിൽ നിന്ന് വാക്സിൻ സ്വീകരിച്ച് ഇക്കാര്യം തവക്കൽനാ ആപ്ലിക്കേഷനിൽ അപ്ഡേറ്റായിരിക്കണം. ഇമ്യൂൺ എന്ന് അപ്ഡേറ്റ് കാണിച്ചാൽ മാത്രമാകും ക്വാറൻ്റൈനിൽ ഇളവ് ലഭിക്കുക.