General
എണ്ണവില്‍പനയില്‍ യുവാന്‍ സ്വീകരിക്കാനുള്ള സൗദി നീക്കത്തോടെ ചൈനീസ് കറന്‍സി മൂല്യത്തില്‍ വര്‍ധനവ്; എന്താണ് സംഭവിക്കുന്നത്?
General

എണ്ണവില്‍പനയില്‍ യുവാന്‍ സ്വീകരിക്കാനുള്ള സൗദി നീക്കത്തോടെ ചൈനീസ് കറന്‍സി മൂല്യത്തില്‍ വര്‍ധനവ്; എന്താണ് സംഭവിക്കുന്നത്?

VM Afthabu Rahman
|
16 March 2022 9:07 AM GMT

ചൈനയിലേക്കുള്ള എണ്ണ വില്‍പനയില്‍ ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.

ചൈനയിലേക്കുള്ള എണ്ണ വില്‍പനയില്‍ ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ചൈനീസ് കറൻസിയായ യുവാന്റെ മൂല്യം കുത്തനെ കൂടി. ഡോളറുമായുള്ള യുവാന്റെ മൂല്യമാണ് വര്‍ധിച്ചത്. യുവാന്‍ മൂല്യത്തില്‍ 0.1 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഡോളറിന് വിനിമ നിരക്ക് 6.3867 യുവാന്‍ എന്ന നിരയിലേക്കെത്തി.

എന്താണ് സംഭവിക്കുന്നത്:

ചൈനയുമായുള്ളതടക്കം എല്ലാ എണ്ണ ഇടപാടുകള്‍ക്കും സൗദി ഉപയോഗപ്പെടുത്തുന്ന കറൻസി ഡോളറാണ്. ഇതിനിടയിലാണ് യുവാൻ കറൻസി വഴി എണ്ണ വിൽക്കാൻ സൗദിക്കും ചൈനക്കുമിടയില്‍ ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നടത്തുന്നതായി വാള്‍സ്ട്രീറ്റ് ജേണലടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ മൂല്യം ചെറിയ തോതിലിടിഞ്ഞിരുന്ന യുവാന്റെ മൂല്യം വര്‍ധിച്ചു. ഇതിനു മുൻപ് അമേരിക്കന്‍ ട്രേഡിങ്ങില്‍ യുവാന്റെ മൂല്യത്തില്‍ 0.3 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു. ഇതാണിപ്പോൾ വാർത്തയോടെ തിരികെ കയറിയത്. സൗദിക്ക് പുറമെ മറ്റ് ചില ഗള്‍ഫ് രാജ്യങ്ങളുമായുള്ള എണ്ണ ഇടപാടിലും യുവാന്‍ കൊണ്ടുവരാന്‍ ആലോചന നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

എന്താണ് പ്രത്യാഘാതമുണ്ടാവുക:

ആഗോള വിപണയിലും എണ്ണ ഇടപാടുകളിലും അമേരിക്കന്‍ ഡോളറിനാണ് ആധിപത്യം. ഇതിന് ഭീഷണിയായിരിക്കും സൗദിയുടെ എണ്ണ ഇടപാടുകളിലേക്കുള്ള യുവാന്റെ കടന്നുവരവ്.





ഇതാണ് യുഎസ് മാധ്യമങ്ങളടക്കം സജീവ പ്രാധാന്യത്തതോടെ ഇത് റിപ്പോർട്ട് ചെയ്യാനും കാരണം. ശക്തമായ സാമ്പത്തിക എതിരാളികളാണ് ചൈനയും സൗദിയും. അമേരിക്കയുമായി നേരിട്ട് വ്യാപാര യുദ്ധം നടത്തുന്ന ചൈനക്ക് പുതിയ നീക്കം നടന്നാൽ വൻ നേട്ടമുണ്ടാരും. അതിർത്തി കടന്നുള്ള ഇടപാടുകൾക്ക് യുവാൻ ഉപയോഗിച്ചു തുടങ്ങിയാൽ അമേരിക്കക്ക് അത് വലിയ ഭീഷണിയാകും.

പുതിയ നീക്കത്തിന് പിന്നിലെ കാരണം:

ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും വിജയിച്ച് യുഎസ് പ്രസിഡണ്ടായി ജോ ബൈഡൻ അധികാരമേറ്റ ശേഷം സൗദിക്കെതിരെയുള്ള നിലപാടാണ് യുഎസ് സ്വീകരിച്ചത്. പ്രതിരോധ സംവിധാനങ്ങളിലും മറ്റും സൗദിക്കുള്ള പിന്തുണയും കുറഞ്ഞതായി യുഎസ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായിരുന്ന മുൻ പ്രസിഡണ്ടായിരുന്ന ഡോണൾഡ് ട്രംപിന്റെ എതിർ നിലപാടാണ് ഈ വിഷയത്തിൽ പുതിയ യുഎസ് ഭരണകൂടത്തിനുള്ളത്. സൗദിയുടെ സുരക്ഷയുടെ കാര്യത്തില്‍ യു.എസിന്റെ ഇടപെടലുകള്‍ ഗള്‍ഫ് രാജ്യത്തിന് അതൃപ്തിയുണ്ടാക്കിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാനുമായുള്ള യുഎസ് ബന്ധ നീക്കവും ഗൾഫ് രാജ്യങ്ങളെ അലോസരപ്പെടുത്തിയതായി പാശ്ചാത്യ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ബൈഡനോടുള്ള സൗദി നിലപാട്:

ബൈഡന് സൗദിയുമായുള്ള ബന്ധം സൂചിപ്പിച്ചപ്പോൾ ഒരു മാധ്യമത്തിനുള്ള അഭിമുഖത്തിൽ സൗദി കിരീടാവകാശി പറഞ്ഞത്, അദ്ദേഹത്തിന്റെ അതൃപ്തി താൻ കാര്യമാക്കുന്നില്ലെന്നാണ്. ഉക്രൈന്‍ വിഷയത്തിലെ യു.എസിന്റെ നിലപാടുകളും റഷ്യക്ക് മേല്‍ ഉപരോധങ്ങളേര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് സൗദിയുടെ ഇപ്പോഴത്തെ നീക്കം എന്നതും ശ്രദ്ധേയമാണ്. ഉക്രൈന്‍ വിഷയത്തില്‍ റഷ്യയെ ശക്തമായി പിന്തുണക്കുന്ന രാജ്യം കൂടിയാണ് ചൈന. നേരത്തെ റഷ്യക്ക് ഉപരോധമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാൻ സൗദി യുഎഇ രാജ്യങ്ങളുമായി യുഎസ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളുടേയും നേതാക്കളുമായും യു.എസ് പ്രസിഡന്റ് ജോ ബൈഡന് സംസാരിക്കാന്‍ അവസരമൊരുക്കുന്നതിനുള്ള വൈറ്റ്ഹൗസിന്റെ ശ്രമങ്ങളാണ് അന്ന് നടക്കാതെ പോയത്.

എണ്ണ വിലയും ഒപെക് നിലപാടും:

റഷ്യയില്‍ നിന്നുള്ള എണ്ണക്ക് യുഎസ് വിലക്കുണ്ട്. ഇതിനാൽ സൗദിയും യു.എ.ഇയും എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും അമേരിക്കയുടെ ക്രൂഡ് ഓയില്‍ മാര്‍ക്കറ്റിനെ സഹായിക്കണമെന്നുനമാണ് യു.എസ് ആവശ്യം. എന്നാൽ ഒപെക് കൂട്ടായ്മയുടെ തീരുമാനത്തിൽ നിന്നും പിറകോട്ട് പോകേണ്ടെന്നായിരുന്നു യുഎഇ സൗദി തീരുമാനം. ഇതോടെ എണ്ണ വിലയേറി. യുഎസ് മാർക്കറ്റിലും ഇതിന്റെ പ്രത്യാഘാതമുണ്ട്. ഇതിനു പുറമെ ചൈനയുമായി സൗദി കറൻസി മാറ്റത്തിലേക്ക് നീങ്ങിയാൽ അത് വലിയ തിരിച്ചടി യുഎസിനുണ്ടാക്കും. വിഷയത്തിൽ സൗദി അറേബ്യയുടെ ഔദ്യോഗിക പ്രതികരണം കാത്തിരിക്കുകയാണ് മാധ്യമ ലോകം.

Similar Posts