സൗദിയിലേക്കെത്തുന്ന വാക്സിനെടുക്കാത്ത വിദേശികൾക്ക് ക്വാറൻ്റൈൻ നിർബന്ധമാക്കി; മെയ് 20 മുതൽ പ്രാബല്യത്തിലാകും
|കോവിഡ് കേസുകൾ കുറക്കുന്നതിൻ്റെ ഭാഗമായാണ് നടപടി
സൗദിയിലേക്ക് വരുന്ന വിദേശികൾക്ക് ഇൻസ്റ്റിറ്റ്യൂഷണൽ/ഹോം ക്വാറൻ്റൈൻ നിർബന്ധമാക്കി. മെയ് ഇരുപത് മുതൽ ഉത്തരവ് പ്രാബല്യത്തിലാകും. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവിറക്കിയത്. യാത്രാ വിലക്ക് പട്ടികയിലില്ലാത്ത എല്ലാ രാജ്യത്തു നിന്നും വരുന്നവർക്ക് ക്വാറൻ്റൈൻ പൂർത്തിയാക്കിയാലേ ഇനി പുറത്തിറങ്ങാനാകൂ. ഈ മാസം പതിനേഴ് മുതൽ അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് സൗദി അറേബ്യ നീക്കാനിരിക്കെയാണ് പുതിയ തീരുമാനം. കൂടുതൽ ആളുകൾ ഒന്നിച്ചെത്തിയാലുണ്ടാകുന്ന രോഗപടർച്ച പ്രതിരോധിക്കാൻ കൂടിയാണ് മുൻകരുതൽ നടപടി. സൗദി പൗരന്മാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നേരിട്ടുള്ള ജീവനക്കാർക്കും അന്താരാഷ്ട്ര അതിർത്തി വഴി ചരക്ക് നീക്കം നടത്തുന്ന ട്രക് ഡ്രൈവർമാർക്കും ഉത്തരവിൽ ഇളവുണ്ട്. എത്ര ദിവസം ക്വാറൻ്റൈനിൽ ഇരിക്കണമെന്നത് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കും
അതേ സമയം, ഇന്ത്യയുൾപ്പെടെയുള്ള ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കില്ല. ഇവർക്കുള്ള വിലക്ക് ഭാഗികമായെങ്കിലും മെയ് പതിനേഴിന് നീക്കുമോ എന്ന കാര്യത്തിലും ഇപ്പോൾ വ്യക്തതയില്ല. നിലവിൽ സൗദിയുടെ യാത്രാ വിലക്ക് പട്ടികയില്ലാത്ത രാജ്യങ്ങളിൽ പതിനാല് ദിവസം കഴിഞ്ഞാണ് പ്രവാസികൾ സൗദിയിലേക്ക് എത്തുന്നത്.