രംഗം കീഴടക്കി ഓട്ടോമേഷൻ; പരസ്യവിൽപ്പന യൂണിറ്റ് പുനഃസംഘടിപ്പിക്കാൻ ഗൂഗിൾ
|ചില വകുപ്പുകളിൽ തൊഴിൽ നഷ്ടത്തിന് സാധ്യതയെന്ന് ദ ഇൻഫർമേഷൻ റിപ്പോർട്ട്
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വരുന്നതോടെ പല മേഖലകളിലും തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ഈ ആശങ്ക ഗൂഗിളിൽ വരെ എത്തിനിൽക്കുന്നു. ദൈനംദിന പ്രവർത്തനങ്ങളിൽ എഐയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പരസ്യ വിൽപ്പന യൂണിറ്റ് പുനഃസംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ എന്നാണ് റിപ്പോർട്ടുകൾ. 30,000 ജീവനക്കാരുള്ള പരസ്യ വിൽപ്പന യൂണിറ്റിന്റെ വലിയൊരു ഭാഗമാണ് പുനഃസംഘടിപ്പിക്കാൻ ആലോചിക്കുന്നതെന്ന് ദി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്യുന്നു.
ഗൂഗിൾ അമേരിക്കയിലെ വൻകിട ഉപഭോക്താക്കൾക്കുള്ള പരസ്യ വിൽപ്പനയുടെ മേൽനോട്ടം വഹിക്കുന്ന സീൻ ഡൗണിയെ ഉദ്ധരിച്ചാണ് ദി ഇൻഫർമേഷൻ റിപ്പോർട്ട്. വടക്കൻ, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഗൂഗിളിന്റെ പരസ്യ ബിസിനസിന് മേൽനോട്ടം വഹിക്കുന്ന വ്യക്തി കൂടിയാണ് സീൻ ഡൗണി. പിരിച്ചുവിടലുകൾ ഉണ്ടാകുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
വിവിധ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള പരസ്യ വാങ്ങലുകൾ കാര്യക്ഷമമാക്കുന്നതിന് മെഷീൻ ലേണിംഗ് ടെക്‌നിക്കുകൾ ഗൂഗിൾ വ്യാപകമായി ഉപയോഗിച്ചുവരുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. പരസ്യ വിൽപ്പന യൂണിറ്റിൽ നിന്ന് ചില ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ സൂചന ഗൂഗിൾ തള്ളിക്കളയുന്നില്ല. യൂണിറ്റിലെ ജീവനക്കാരെ പുനർനിയമനം ചെയ്യാനാണ് നിലവിലെ നീക്കം.
പുതിയ പരസ്യങ്ങൾ ഓട്ടോമാറ്റിക്കായി നിർമിക്കുന്നതിനായുള്ള എഐ ടൂളുകൾ വർഷങ്ങളായി ഗൂഗിൾ ഉപയോഗിച്ചുവരുന്നു. വളരെ കുറച്ച് ആളുകളെ മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്. എഐ ടൂളുകൾ ഉപയോഗിച്ച് തുടങ്ങിയതോടെ ഗൂഗിളിന്റെ പരസ്യ വാർഷിക വരുമാനത്തിൽ ഗണ്യമായ വർധനയാണുണ്ടായത്. ദശലക്ഷക്കണക്കിന് ഡോളർ കമ്പനി ലാഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ ഉപകരണങ്ങളുടെ കാര്യക്ഷമതയും കുറഞ്ഞ ജീവനക്കാരുടെ പങ്കാളിത്തവും ഉയർന്ന ലാഭമാണ് കമ്പനിക്ക് നൽകുന്നത്.
പ്രധാന പരസ്യദാതാക്കളുമായുള്ള ബന്ധം നിയന്ത്രിക്കുന്നതിന് കസ്റ്റമർ സെയിൽസ് യൂണിറ്റിലെ ചിലയാളുകൾ പിരിച്ചുവിടാനും മറ്റ് സ്ഥാനങ്ങളിലേക്ക് മാറ്റാനും സാധ്യതയുള്ളതായും ദി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്യുന്നു. ഈ ചുമതലകളിൽ എഐ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഡിപ്പാർട്ട്‌മെന്റ് തലത്തിലുള്ള ഗൂഗിൾ ആഡ്‌സ് മീറ്റിംഗിൽ ചർച്ചയും നടന്നിരുന്നു.
പെര്‍ഫോമന്‍സ് മാക്‌സ് (പി മാക്‌സ്) എന്ന എഐ നിർമിത ടൂളാണ് പരസ്യ നിർമാണത്തിൽ പ്രധാനമായും ഉപയോഗിക്കുന്നത്. ഈ ഈ വർഷം മേയിൽ ചില സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ പി മാക്‌സിൽ വന്നിരുന്നു. ഇതുവഴി ഗൂഗിളിന്റെ വിവിധ പരസ്യ പ്ലാറ്റ്‌ഫോമുകളില്‍ എവിടെയെല്ലാം പരസ്യങ്ങള്‍ സ്ഥാപിക്കണം എന്ന് പരസ്യദാതാക്കൾക്ക് സ്വന്തമായി തീരുമാനിക്കാം, പി മാക്സ് ഇതിന് സഹായിക്കും. പി മാക്സ് ജനപ്രീതി ആർജിക്കുമ്പോൾ ഡിസൈന്‍, വിതരണം തുടങ്ങിയ മേഖലകളിൽ മനുഷ്യാധ്വാനം ഉപയോഗിക്കുന്നത് കുറഞ്ഞുവരും. ഇതോടെ ഈ വിഭാഗത്തിൽ തൊഴിൽ ചെയ്യുന്ന ആളുകൾക്ക് അവസരങ്ങൾ കുറയും. ഇത് കമ്പനിക്ക് എന്തുകൊണ്ടും ലാഭമാണ്.
അതേസമയം, പുനഃസംഘടന സംബന്ധിച്ച ചോദ്യങ്ങളോട് ഗൂഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരും മാസങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.