Gulf
യെമനിലെ യുദ്ധം;  കുവൈത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചുയെമനിലെ യുദ്ധം; കുവൈത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചു
Gulf

യെമനിലെ യുദ്ധം; കുവൈത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചു

admin
|
30 Nov 2016 3:17 PM GMT

ഈദ് അവധി പ്രമാണിച്ചാണു രണ്ടാഴ്ചയോളം ചര്‍ച്ച നിര്‍ത്തിവച്ചത്

യെമനില്‍ ഹൂതികളും സൗദിയുടെ നേതൃത്വത്തിലുള്ള ദശരാഷ്ട്ര സഖ്യവും തമ്മില്‍ 16 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ചു യുഎന്‍ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകള്‍ കുവൈത്തില്‍ പുനരാരംഭിച്ചു. നേരത്തേ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും യെമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയുടെ പ്രതിനിധികള്‍ ചര്‍ച്ചയ്‌ക്കെത്തി.

ഈദ് അവധി പ്രമാണിച്ചാണു രണ്ടാഴ്ചയോളം ചര്‍ച്ച നിര്‍ത്തിവച്ചത്. നിര്‍ണായക തീരുമാനമെടുക്കേണ്ട സമയമായെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യം മുന്‍നിര്‍ത്തിവേണം ചര്‍ച്ച മുന്നോട്ടു നീങ്ങാനെന്നും യുഎന്‍ പ്രതിനിധി ഇസ്മയില്‍ ഊദ് ഷെയ്ഖ് അഹമ്മദ് ഹാദിഹൂതി വിഭാഗങ്ങളോട് ആഹ്വാനം ചെയ്തു.

തടവുകാരെ വിട്ടയയ്ക്കുന്നതു സംബന്ധിച്ചുള്ള തീരുമാനവും കൈക്കൊള്ളണം. സമാധാനത്തിനായുള്ള ജനങ്ങളുടെ ശബ്ദം കേള്‍ക്കണം. ജിസിസി സെക്രട്ടറി ജനറല്‍ അടക്കമുള്ള പ്രമുഖരുമായി ചര്‍ച്ച നടത്തിയെന്ന് അറിയിച്ച ഷെയ്ഖ് അഹമ്മദ്, രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയും പങ്കുവച്ചു. ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയോ വഴിത്തിരിവുകളോ ഇതുവരെയില്ല. 2014 മുതല്‍ പിടിച്ചടക്കിയ മേഖലകളില്‍നിന്നു ഹൂതികള്‍ പിന്മാറണമെന്നും സൈനികരില്‍നിന്നു പിടിച്ചെടുത്ത ആയുധശേഖരം തിരിച്ചേല്‍പിക്കണമെന്നും ഹാദി വിഭാഗം ആവശ്യപ്പെടുന്നു.

പൊതുസമ്മതനായ പ്രസിഡന്റ് വേണമെന്നും ഇവര്‍ വാദിക്കുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഔദ്യോഗിക വിഭാഗം ചര്‍ച്ചയില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നത്. പിന്നീട്, ഷെയ്ഖ് അഹമ്മദുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നു യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പലവട്ടം പരാജയപ്പെട്ട സമാധാന ചര്‍ച്ചകള്‍ക്കൊടുവില്‍ ഏപ്രില്‍ 10ന് ആണ് കുവൈത്തില്‍ യുഎന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച തീരുമാനിച്ചത്‌.

Related Tags :
Similar Posts