ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം തിങ്കളാഴ്ച ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കും
|വൈകിട്ട് ഏഴു മുതല്‍ നടക്കുന്ന പരിപാടിയില്‍ കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുഖ്യാതിഥിയായി പങ്കെടുക്കും
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന 70ാം ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം തിങ്കളാഴ്ച ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് ഏഴു മുതല്‍ നടക്കുന്ന പരിപാടിയില്‍ കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുഖ്യാതിഥിയായി പങ്കെടുക്കും.
ഉസ്താദ് അംജദ് അലി ഖാന്റെ പുത്രന്മാരായ അയ്മന് അലി ബംഗാഷ്, അമാന്‍ അലി ബംഗാഷ് എന്നിവര്‍ അവതരിപ്പിക്കുന്ന സരോദ് കച്ചേരിയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. മറ്റ് കലാപരിപാടികളും നടക്കും. സൗജന്യ പാസ് മുഖേനയാണ് പ്രവേശം. പാസ് ഇന്ത്യന്‍ അസോസിയേഷന് ഓഫിസില്‍ നിന്ന് ലഭ്യമാണെന്ന് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പറഞ്ഞു.
എല്ലാ ഇന്ത്യക്കാരും ദുബൈയിലും ഷാര്‍ജയിലുമായി നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ആറുമുതല്‍ ദുബൈ ഇന്ത്യന്‍ ഹൈസ്കൂള്‍ ശൈഖ് റാശിദ് ഓഡിറ്റോറിയത്തില്‍ 'മാ തുചേ സലാം' എന്ന പേരില്‍ സാംസ്കാരിക പരിപാടികള്‍ നടക്കും. ഭിന്നശേഷിക്കാരായ കലാകാരന്മാരാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. 15ന് രാവിലെ എട്ടിന് കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രിയുടെ സന്ദേശം വായിക്കും. കോണ്‍സുലേറ്റിന്‍െറ മൊബൈല്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം പരിപാടിയില്‍ പങ്കെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ജന. സെക്രട്ടറി ബിജു സോമന്, ട്രഷറര്‍ നാരായണന് നായര്‍, വൈസ് പ്രസിഡന്റ് ബാബു വര്‍ഗീസ്, ജോ. ജന. സെക്രട്ടറി അജി. കുര്യാക്കോസ്, നൂറുല്‍ അമീന് എന്നിവര്‍ പങ്കെടുത്തു.