കുവൈത്തിൽ മൽസ്യവില പൊള്ളുന്നു
|ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിയന്ത്രണങ്ങൾ മൂലം മൽസ്യബന്ധനത്തിനുള്ള ചെലവ് വർധിച്ചതാണ് വില വർധനയ്ക്ക് കാരണമെന്നാണ് ഫിഷർമെൻസ് യൂണിയന്റെ വിശദീകരണം
കുവൈത്തിൽ മൽസ്യ വില കുതിച്ചുയരുന്നു . ഒരു വിഭാഗം ഉപഭോക്താക്കൾ മാർക്കറ്റ് ബഹിഷ്ക്കരണത്തിനു ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ചെമ്മീൻ ഉൾപ്പെടെയുള്ള ജനപ്രിയ ഇനങ്ങൾക്കെല്ലാം പൊള്ളുന്ന വിലയാണ് ഈടാക്കുന്നത് . ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിയന്ത്രണങ്ങൾ മൂലം മൽസ്യബന്ധനത്തിനുള്ള ചെലവ് വർധിച്ചതാണ് വില വർധനയ്ക്ക് കാരണമെന്നാണ് ഫിഷർമെൻസ് യൂണിയന്റെ വിശദീകരണം .
ഏഴുമാസത്തെ ഇടവേളക്കുശേഷം കഴിഞ്ഞ ആഴ്ചയാണ് കുവൈത്ത് മാർക്കറ്റുകളിൽ ചെമ്മീന്‍ എത്തിത്തുടങ്ങിയത്. കുവൈത്ത് ജലാതിർത്തിയിൽ ട്രോളിംഗ് നിരോധം പിൻവലിച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്ര സമുദ്രപരിധിയില്‍നിന്നുള്ള ചെമ്മീന്‍ വേട്ടക്ക് ഓഗസ്റ് ഒന്ന് മുതൽ അനുമതി നൽകിയിരുന്നു .വിപണിയിലെ ആവശ്യത്തിനനുസരിച്ചു ചെമ്മീൻ ലഭ്യമല്ലാത്തതും ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിബന്ധനകളും ആണ് വില വർധനക്ക് കാരണമായി ഫിഷർമെൻസ് യൂണിയൻ ചൂണ്ടിക്കാട്ടുന്നത് . അടുത്തമാസം ട്രോളിംഗ് നിരോധം പൂർണമായി പിൻവലിക്കപ്പെടുന്നതോടെ കൂടുതൽ മൽസ്യം വിപണിയിൽ എത്തുമെന്നും അതോടെ വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നുമാണ് കരുതപ്പെടുന്നത് . 100 മുതൽ 110 ദിനാർ വരെയാണ് ചെമ്മീൻ ബാസ്‌ക്കറ്റിനു നിലവിലെ വില . ആവശ്യക്കാർ കൂടുതലുള്ള സുബൈദിതുടങ്ങിയ മത്സ്യങ്ങൾക്കും വിലയില്‍ കാര്യമായ കുറവ് വന്നിട്ടില്ല. സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തി ദോഹ കടല്‍മാര്‍ഗ്ഗം വഴി ആഴക്കടലിലേക്കു പോകരുതെന്ന് ആഭ്യന്തര മന്ത്രാലയം മീൻ പിടുത്തകാർക്കു നിർദേശം നൽകിയിരുന്നു . ഇത് മൂലം ദൂരം കൂടുതലുള്ള ദക്ഷിണ സമുദ്രമാര്‍ഗ്ഗം ആണ് മൽസ്യബന്ധന ബോട്ടുകൾ ഉപയോഗപ്പെടുത്തുന്നത് . ഇത് ചെലവ് വർധിപ്പിച്ചതായാണ് മൽസ്യവില്പനക്കാരുടെ പരാതി . അതിനിടെ മൽസ്യ വിലവർധനയിൽ പ്രതിഷേധിച്ചു ഒരു വിഭാഗം ഉപഭോക്താക്കൾ ഇത്തവണയും ബഹിഷ്കരണ കാമ്പയിനുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണ കാമ്പയിന് വലിയ സ്വീകാര്യത ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.