Gulf
കുവൈത്തില്‍ മധ്യാഹ്ന ജോലി വിലക്ക് ലംഘിച്ച കമ്പനികള്‍ക്ക് നോട്ടീസ്കുവൈത്തില്‍ മധ്യാഹ്ന ജോലി വിലക്ക് ലംഘിച്ച കമ്പനികള്‍ക്ക് നോട്ടീസ്
Gulf

കുവൈത്തില്‍ മധ്യാഹ്ന ജോലി വിലക്ക് ലംഘിച്ച കമ്പനികള്‍ക്ക് നോട്ടീസ്

admin
|
21 Feb 2017 12:43 PM GMT

കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അസിസ്റ്റന്റ് മേധാവി ബദരിയ അല്‍മുഖൈമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്

കുവൈത്തില്‍ മധ്യവേനല്‍ ആരംഭിച്ചതോടെ സാമൂഹിക, തൊഴില്‍കാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ മധ്യാഹ്ന ജോലി വിലക്ക് ലംഘിച്ച 550 സംഭവങ്ങള്‍ പിടികൂടിയതായി അധികൃതര്‍ വെളിപ്പെടുത്തി. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അസിസ്റ്റന്റ് മേധാവി ബദരിയ അല്‍മുഖൈമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിലക്ക് ലംഘിച്ച് ഉച്ചനേരത്ത് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ച തൊഴിലുടമകള്‍ക്കും കമ്പനികള്‍ക്കും മുന്നറിയിപ്പ് നോട്ടീസുകളാണ് ഇപ്പോള്‍ നല്‍കിയതെങ്കിലും നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നപക്ഷം അത്തരം കമ്പനികളുടെ ഫയലുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ നടപടികള്‍ കൈക്കൊള്ളുമെന്ന് അല്‍മുഖൈമി മുന്നറിയിപ്പ് നല്‍കി. ചൂട് കടുത്തതോടെ ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് അവസാനം വരെയാണ് രാജ്യത്ത് ഉച്ചനേരങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന് മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്.

രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെ സൂര്യപ്രകാശം നേരിട്ട് പതിക്കാനിടയുള്ള സ്ഥലങ്ങളില്‍ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കാന്‍ പാടില്ലെന്ന നിയമം ഉറപ്പുവരുത്താന്‍ അധികൃതര്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ശക്തമായ ചൂടില്‍ സൂര്യാതപം പോലുള്ള അപകടങ്ങള്‍ തൊഴിലാളികള്‍ക്ക് സംഭവിക്കാതിരിക്കാനാണ് നിയമം കര്‍ശനമാക്കുന്നതെന്നും തൊഴിലുടമകളും തൊഴിലാളികളും ഇക്കാര്യത്തില്‍ ജാഗ്രതകാണിക്കണമെന്നും ബദരിയ അല്‍മുഖൈമി കൂട്ടിച്ചേര്‍ത്തു. രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ സൂര്യാതപം ഏല്‍ക്കുന്ന തരത്തില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലിചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല.

രാജ്യത്ത് ചൂട് കനക്കുന്ന ഈ മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് സൂര്യാതപം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിനാണ് മധ്യാഹ്ന പുറംജോലി വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് ലംഘിച്ച് തൊഴിലാളികളെ കൊണ്ട് ഉച്ചക്ക് പണിയെടുപ്പിച്ച സ്ഥാപനങ്ങള്‍ക്ക്തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നോട്ടീസ് നല്‍കി. വിലക്ക് ലംഘനം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കും. സൂര്യപ്രകാശം നേരിട്ട് പതിക്കാനിടയുള്ള സ്ഥലങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് നാലു വരെയണ് വിലക്ക്. തൊഴിലാളികള്‍ക്ക്സൂര്യതാപം ഏല്‍ക്കാതിരിക്കാനാണ് മന്ത്രാലയത്തിന്റെ കരുതല്‍ നടപടി. ഈ മാസം ഒന്നിന് ആരംഭിച്ച നിയന്ത്രണം അടുത്ത മാസം അവസാനം വരെ തുടരുമെന്നും നിയമം പാലിക്കാന്‍ തൊഴിലുടമകളും സ്ഥാപനങ്ങളും ജാഗ്രത പാലിക്കണന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Similar Posts