യുഎഇയില്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച 11 പേര്‍ക്ക് ജീവപര്യന്തം
|രണ്ടു വര്‍ഷത്തോളമായി നടന്ന നിരന്തര വിചാരണയക്കൊടുവിലാണ് യു.എ.ഇയിലെ ഉന്നത നിയമപീഠം വിധി പ്രസ്താവം നടത്തിയത്.
രാജ്യത്തെ ഭരണകൂടത്തെ അട്ടിമറിക്കാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനും ശ്രമിച്ച കേസില്‍ 11 പേര്‍ക്ക് ഫെഡറല്‍ സുപ്രിംകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. രണ്ടു വര്‍ഷത്തോളമായി നടന്ന നിരന്തര വിചാരണയക്കൊടുവിലാണ് യു.എ.ഇയിലെ ഉന്നത നിയമപീഠം വിധി പ്രസ്താവം നടത്തിയത്.
രണ്ട് പേര്‍ക്ക് 15 വര്‍ഷവും 13 പേര്‍ക്ക് പത്ത് വര്‍ഷവും തടവ് വിധിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്ക് അഞ്ച് വര്‍ഷവും ആറ് പേര്‍ക്ക് മൂന്ന് വര്‍ഷവും തടവുവിധിച്ച സുപ്രിംകോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി കോടതി നാല് പേര്‍ക്ക് ആറ് മാസം തടവും വിധിച്ചിട്ടുണ്ട്. ഏഴ് പേരെ വിട്ടയച്ചു. ഷബാബ് അല്‍ മനാറ എന്ന പേരില്‍ തീവ്രവാദ സംഘടന രൂപവത്കരിക്കുകയും യു.എ.ഇയില്‍ ഐ.എസ്. മാതൃകയില്‍ ഭരണം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്ത കേസില്‍ മൊത്തം 41 പേരാണ് വിചാരണ നേരിട്ടത്. ഇതില്‍ നാല് പേര്‍ വിദേശികളാണ്.
ജീവപര്യന്തം ശിക്ഷ ലഭിച്ച 11 പേരില്‍ രണ്ട് പേരുടെ അസാന്നിധ്യത്തിലാണ് വിചാരണയും വിധി പ്രഖ്യാപനവും നടന്നത്. ശിക്ഷിക്കപ്പെട്ട നാല് വിദേശികളെ തടവു കാലം പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും ജഡ്ജി മുഹമ്മദ് അല്‍ ജര്‍റ അല്‍ തുനൈജിയുടെ നേതൃത്വത്തിലുള്ള കോടതി ഉത്തരവിട്ടിട്ടുണ്ട്. ഷബാബ് അല്‍ മനാറ ഗ്രൂപ്പ് പിരിച്ചുവിടാനും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.