സൌദിയില്‍ ശമ്പളത്തില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം
|ദുരിതമനുഭവിക്കുന്ന സൌദി ഓജര്‍ കമ്പനിയിലെ തൊഴിലാഴികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും തൊഴില്‍ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.
സൌദി അറേബ്യയിലെ മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് കൃത്യമായി ബാങ്ക് അക്കൌണ്ടുകള്‍ വഴി ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ തൊഴില്‍ മന്ത്രാലയത്തിന് സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന സൌദി ഓജര്‍ കമ്പനിയിലെ തൊഴിലാഴികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും തൊഴില്‍ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.
വേതന സുരക്ഷാ പദ്ധതിയുടെ ഭാഗമായി മുഴുവന്‍ തൊഴിലാളികളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എല്ലാ മാസവും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് രാജാവ് നിര്‍ദേശം നല്‍കിയത്. വീഴ്ചവരുത്തുന്ന സ്ഥാപനങ്ങളുടെ റിക്രൂട്ട്മെന്റ്, പുതിയ നിയമനം തുടങ്ങിയവ നിര്‍ത്തിവെക്കാനും, പിഴ ഈടാക്കാനും രാജാവ് നിര്‍ദേശ നല്‍കി. ഇന്ത്യന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ ദുരിതത്തിലായ സൌദി ഓജര്‍ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാനും മന്ത്രാലയത്തെ ചുമതലപ്പെടുത്തി. സൗജന്യമായി ഇഖാമ പുതുക്കി നല്‍കാനും ആവശ്യക്കാര്‍ക്ക് ഫൈനല്‍ എക്സിറ്റ് അനുവദിക്കാനും നിര്‍ദേശം നല്‍കി. ഇതിന്റെ ചെലവുകള്‍ പിന്നീട് കമ്പനിയില്‍ നിന്നും ഈടാക്കും. താമസ സ്ഥലങ്ങളുടെ വൃത്തി ഉറപ്പുവരുത്താനും മെയിന്റനന്‍സ് നടത്താനും ശുദ്ധ ജലം ലഭ്യമാക്കാനും പ്രാപ്തരായ കമ്പനികളെ ചുമതലപ്പെടുത്തണം.
സ്ഥിരമായി ഭക്ഷണം എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, സൗജന്യ വൈദ്യ സഹായം ലഭ്യമാക്കുക. തൊഴില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സൗജന്യ നിയമ സഹായം ഇറപ്പുവരുത്താനും രാജാവ് നിര്‍ദേശിച്ചു. നാട്ടില്‍ പോകുന്നവര്‍ക്ക് സൗജന്യമായി സൌദി എയര്‍ലൈന്‍സില്‍ ടിക്കറ്റ് നല്‍കും. സൗദിയില്‍ തൊഴിലില്‍ തുടരാന്‍ ഉദ്ദേശിക്കുന്നവരുടെയും ഫൈനല്‍ എക്സിറ്റില്‍ പോകാന്‍ താല്‍പര്യമുള്ളവരുടെയുമെല്ലാം കണക്കുകള്‍ അതാത് എംബസികളുമായി സഹകരിച്ച് ശേഖരിക്കാനും തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അംബാസഡര്‍മാരുമായി കൂടിക്കാഴ്ച നടത്തി നിലവിലെ അവസ്ഥകളും സൗദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വിശദീകരിക്കാനും സല്‍മാന്‍ രാജാവ് നിര്‍ദ്ദേശിച്ചു.