യുഎഇയുമായി കൂടുതല്‍ സഹകരണ കരാറിന് ഇന്ത്യ
|ഇതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ യുഎഇ നേതൃത്വവുമായി ചര്‍ച്ച നടത്തി.
അടുത്ത വര്‍ഷത്തെ റിപബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായി അബൂദബി കിരീടാവകാശി ഇന്ത്യയില്‍ എത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണ കരാറുകള്‍ക്ക് രൂപം നല്‍കാന്‍ നീക്കം. ഇതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ യുഎഇ നേതൃത്വവുമായി ചര്‍ച്ച നടത്തി.
അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിപുലമായ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. സുപ്രധാനമായ ചില കരാറുകളില്‍ ഉടന്‍ തന്നെ ഇരു രാജ്യങ്ങളും ധാരണയിലെത്തുമെന്നാണ് സൂചന. യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ബുവാരിദി എന്നിവരുമായാണ് മന്ത്രി എംജെ അക്ബര്‍ ചര്‍ച്ച നടത്തിയത്. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു.
ഇന്ത്യന്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും യുഎഇയില്‍ എത്തിയിരുന്നു. ഇന്ത്യ-യുഎഇ ഇകോണമി ഫോറത്തില്‍ മുഖ്യ പ്രഭാഷകനായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് വന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതിന്റെ തെളിവായും വിലയിരുത്തപ്പെടുന്നു. യുഎഇയിലെ ഇന്ത്യന്‍ സമൂഹവും ഏറെ താല്‍പര്യത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ നോക്കി കാണുന്നത്. എന്നാല്‍ പ്രവാസി പ്രശ്നങ്ങളില്‍ വേണ്ടത്ര താല്‍പര്യമെടുക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.