കുവൈത്ത് ഒളിമ്പിക് കമ്മിറ്റി,ഫുട്ബോൾ അസോസിയേഷന്‍ ഭരണസമിതികള്‍ പിരിച്ചുവിട്ടു
|സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ചാണ് നടപടി
കുവൈത്ത് ഒളിമ്പിക് കമ്മിറ്റിയുടെയും ഫുട്ബോൾ അസോസിയേഷന്റെയും ഭരണ സമിതി സർക്കാർ പിരിച്ചു വിട്ടു. സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ചാണ് നടപടി. ഇരു സംഘടനകളുടെയും ഭരണ നിർവഹണത്തിനായി താല്‍ക്കാലിക കമ്മിറ്റിയെ നിയോഗിച്ചതായി കായികയുവജന അതോറിറ്റി അറിയിച്ചു
ഒളിമ്പിക് കമ്മിറ്റിയുടെയും ഫുട്ബോൾ അസോസിയേഷന്റെയും നടത്തിപ്പിൽ അഴിമതിയും സാമ്പത്തിക ക്രമക്കേടും നടത്തി എന്നാരോപിച്ചാണ് ഇരു സംഘടനകളുടെയും ഭരണ സമിതി പിരിച്ചു വിട്ടു പകരം താല്കാകാലിക കമ്മിറ്റിയെ നിയോഗിച്ചത് . സ്പോര്‍ട്സ്, യുവജനക്ഷേമ മന്തി ശൈഖ് സല്‍മാന്‍ അല്‍ ഹമൂദ് അസ്സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത് . ഒളിമ്പിക് കമ്മിറ്റിയുടെ നേതൃസ്ഥാനം ശൈഖ് ഫഹദ് ജാബിര്‍ അല്‍ അലിയെ അലി അൽസബാഹിനും ഫുട്ബാള്‍ അസോസിയേഷന്റെ ചുമതല ഫവാസ് അല്‍ ഹസാവിക്കും ആയിരിക്കും . ആരോപിക്കപ്പെട്ട സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കാനുള്ള ചുമതലയും പുതിയ കമ്മിറ്റികൾക്ക് നൽകിയതായി സ്പോർട്സ് അതോറിറ്റി ഉപമേധാവി ഹമൂദ് ഫലൈത്തിഹ് അറിയിച്ചു . ഫിഫ ഐ ഓ സി എന്നീ അന്താരാഷ്‌ട്ര കായിക സംഘടനകളുമായുള്ള പ്രശനങ്ങളുടെ തുടർച്ചയായി രാജ്യത്തെ ഒളിമ്പിക് കമ്മിറ്റിയിലും ഫുട്‍ബോൾ അസോസിയേഷനിലും നേതൃമാറ്റം ഉണ്ടാകുമെന്നു നേരത്തെ സൂചനകൾ ഉണ്ടായിരുന്നു . ഒളിമ്പിക് കമ്മിറ്റിയെയും ലോക്കല്‍ ഫെഡറേഷനുകളെയും പിരിച്ചുവിടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന തരത്തില്‍ കഴിഞ്ഞ മാസമാണ് കായിക നിയമത്തിൽ കുവൈത്ത് ഭേദഗതി നടപ്പാക്കിയത്.