യുഎഇ ദേശീയ ദിനാഘോഷങ്ങള്‍ക്ക് തുടക്കം
|ബര്‍ദുബൈ പൊലിസിന്റെ നേതൃത്വത്തില്‍ വിപുലമായ പരേഡ് നടന്നു
യുഎഇയുടെ നാല്പത്തഞ്ചാം ദേശീയ ദിനാഘോഷങ്ങള്‍ക്ക് തുടക്കം. ബര്‍ദുബൈ പൊലിസിന്റെ നേതൃത്വത്തില്‍ വിപുലമായ പരേഡ് നടന്നു. മറ്റു പൊലീസ് സ്റ്റേഷനുകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലും പരേഡ് ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും.
ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പു തന്നെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. ബര്‍ദുബൈ പൊലീസ് ആസ്ഥാനത്ത് നടന്ന ദേശീയ ദിനാഘോഷ പരിപാടികളില്‍ നൂറുകണക്കിന് പൊലീസ് സേനാംഗങ്ങള്‍ അണിനിരന്നു. യുഎഇ പതാകയുടെ നിറച്ചാര്ത്തിലായിരുന്നു ആഘോഷ പരിപാടികള്‍. ആകാശത്ത് കൂറ്റന്‍ വര്‍ണ ബലൂണുകള്‍ ഉയര്‍ന്നു പറന്നു. പാരമ്പര്യ വസ്ത്രമണിഞ്ഞ കുരുന്നുകളുടെ സജീവ പങ്കാളിത്തമായിരുന്നു ആഘോഷത്തിന്റെ മറ്റൊരു പുതുമ. പൊലീസ് വേഷം ധരിച്ചും കളിത്തോക്കുകളേന്തിയും കുട്ടികള്‍ പരിപാടികള്‍ക്ക് ഹൃദ്യത പകര്‍ന്നു. ദുബൈ കെഎംസിസി ഘടകവും പരേഡില്‍ സംബന്ധിച്ചു.
പൊലീസ് ബാന്റ് വാദ്യ സംഘവും പരേഡിന് പൊലിമ പകര്‍ന്നു. വിവിധ കലാപരിപാടികളും ചിത്രീകരണവും പരേഡിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നു. നിരവധി കുതിര പടയാളികളും പരേഡില്‍ അണിനിരന്നു. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു.