Gulf
Gulf

ആര്‍ട്ട് ദുബൈ മേളയ്ക്ക് തിരശീല വീണു

admin
|
14 May 2017 8:44 PM GMT

ലോകത്തുടനീളമുള്ള പ്രമുഖ കലാകാരന്‍മാരുടെ കലാസൃഷ്ടികള്‍ അവതരിപ്പിച്ച ആര്‍ട്ട് ദുബൈ മേളക്ക് പരിസമാപ്തി.

ലോകത്തുടനീളമുള്ള പ്രമുഖ കലാകാരന്‍മാരുടെ കലാസൃഷ്ടികള്‍ അവതരിപ്പിച്ച ആര്‍ട്ട് ദുബൈ മേളക്ക് പരിസമാപ്തി. മദീനത്തു ജുമൈറിയിലെ വിവിധ വേദികളിലായി പിന്നിട്ട മൂന്ന് ദിനങ്ങളില്‍ കലാസ്വാദകര്‍ക്ക് മികച്ച അനുഭവമാണ് മേള സമ്മാനിച്ചത്.

പാരമ്പര്യവും ആധുനികതയും കൂടിച്ചേര്‍ന്ന കലാസൃഷ്ടികളുടെ വിപുലമായ ശേഖരമായിരുന്നു മേളയില്‍ ഒരുക്കിയത്. കലാ സംബന്ധമായ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയ ഗ്ളോബല്‍ ആര്‍ട്ട് ഫോറവും ആര്‍ട്ട് ദുബൈയുടെ പ്രത്യേകതയായിരുന്നു. ലോകത്തിന്റെ മിക്ക കോണുകളില്‍ നിന്നുമായി എണ്ണമറ്റ ആര്‍ട്ട് ഗാലറികളുടെ സജീവ പങ്കാളിത്തം ആര്‍ട്ട് ദുബൈക്ക് കൂടുതല്‍ സജീവത പകര്‍ന്നു. യു.എ.ഇ കലാസംഘങ്ങള്‍ ഉള്‍പ്പെടെ എണ്‍പതോളം ഗാലറികളായിരുന്നു ആര്‍ട്ട് ദുബൈയെ സമ്പന്നമാക്കിയത്. പാരമ്പര്യത്തനിമയില്‍ ആധുനിക സങ്കേതങ്ങള്‍ ഉള്‍ച്ചേര്‍ത്ത രചനയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്ന് തുര്‍ക്കി കലാകാരന്‍ ദര്‍യോ ബെസ്കിനാസി പറഞ്ഞു.

ആധുനിക, സമകാലിക വിഭാഗങ്ങളില്‍ പെടുന്ന രചനകളായിരുന്നു പ്രദര്‍ശിപ്പിച്ചവയില്‍ കൂടുതല്‍. കലാകാരന്‍മാര്‍ക്ക് തങ്ങളുടെ രചനകള്‍ പ്രദര്‍ശിപ്പിക്കാനും സംവാദിക്കാനുമുള്ള നല്ലൊരു വേദിയായി ആര്‍ട്ട് ദുബൈ മാറുന്നതിലുള്ള സംതൃപ്തിയാണ് കലാ സംഘാടകനായ സത്താര്‍ അല്‍ കരന്‍ പങ്കുവെച്ചത്. അടുത്ത വര്‍ഷം വീണ്ടും ഒത്തുചേരാമെന്ന പ്രതിജ്ഞയോടെയാണ് ആര്‍ട്ട് ദുബൈയില്‍ പങ്കെടുത്ത കലാ സംഘങ്ങള്‍ ദുബൈയോട് വിട പറഞ്ഞത്.

Similar Posts