ജോണ്‍ കെറി ഒമാനില്‍
|ഒബാമ പ്രസിഡന്റ് പദത്തില്‍ നിന്ന് വിരമിക്കാനിരിക്കെ, യമന്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധി പരിഹാര ചര്‍ച്ചയും കെറിയുടെ സന്ദര്‍ശന ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു.
യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് അറബ് ലോകത്ത് ആശങ്ക നിലനില്‍ക്കെ, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഒമാനില്‍. ഒബാമ പ്രസിഡന്റ് പദത്തില്‍ നിന്ന് വിരമിക്കാനിരിക്കെ, യമന്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധി പരിഹാര ചര്‍ച്ചയും കെറിയുടെ സന്ദര്‍ശന ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു.
ഗള്‍ഫ് മേഖലയെ പ്രതിസന്ധിയിലാക്കിയ യമന്‍ സംഘര്‍ഷത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് കെറി ഒമാനിലെത്തിയത്. യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണത്തില്‍ പങ്കു ചേരാത്ത ഏക ഗള്‍ഫ് രാജ്യം എന്ന നിലയില്‍ പ്രശ്ന പരിഹാര ചര്‍ച്ചക്ക് ഒമാന് നിര്‍ണായക റോള്‍ വഹിക്കാന്‍ സാധിക്കുമെന്നാണ് യുഎസ് പ്രതീക്ഷ. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസുമായും മറ്റും കെറി വിശദമായ ചര്‍ച്ച നടത്തി. എന്നാല്‍ ഇതിന്റെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ജനുവരി 20 നാണ് ഒബാമ ഭരണകൂടം അധികാരം വിടുന്നത്. ഇറാന്‍ പിന്തുണയോടെ ഹൂതി വിമതര്‍ പോയ വര്‍ഷം അധികാരം പിടിച്ചെടുത്ത യമനില്‍ അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ പ്രസിഡന്‍റ് പദത്തില്‍ തിരിച്ചു കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് 2015 മാര്‍ച്ച് മുതല്‍ സൗദി സഖ്യസേന ആക്രമണം ആരംഭിച്ചത്. കുവൈത്ത് കേന്ദ്രമായി നടന്ന അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ യമനില്‍ സമാധാനം തിരിച്ചു കൊണ്ടുവരാനുള്ള അന്തിമ നീക്കത്തിന് കൂടിയാണ് കെറിയുടെ നേതൃത്വത്തില്‍ ഒബാമ ഭരണകൂടം ഇപ്പോള്‍ നീക്കം നടത്തുന്നത്. രണ്ടു ദിവസത്തെ ഒമാന്‍ പര്യടനത്തെ തുടര്‍ന്ന് ജോണ്‍ കെറി, അബൂദബിയിലെത്തി യുഎഇ നേതാക്കളുമായും നിര്‍ണായക ചര്‍ച്ച നടത്തും.
ഗള്‍ഫ് മേഖലയുമായുള്ള ബന്ധം തകരാതിരിക്കാന്‍ അമേരിക്ക ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിന്റെ തെളിവ് കൂടിയാണ് കെറിയുടെ സന്ദര്‍ശനം. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തോടുള്ള സമീപനത്തിന് രൂപം നല്‍കാന്‍ ജിസിസി, അറബ് ലീഗ്, ഒഐസി കൂട്ടായ്മകള്‍ ഉടന്‍ തന്നെ യോഗം ചേരാനുള്ള തയാറെടുപ്പിലാണ്.