മെസിയുടെ പാസ്പോര്‍ട്ടിന്‍റെ വിഡിയോ പ്രചരിപ്പിച്ച പൊലീസുകാരന് ഒരു മാസം തടവ്
|ലോക ഫുട്ബാളര്‍ ലയണല്‍ മെസിയുടെ പാസ്പോര്‍ട്ടിന്‍റെ വിഡിയോ ദൃശ്യം സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച പൊലീസുകാരന് ദുബൈ കോടതി ഒരു മാസം തടവുശിക്ഷ വിധിച്ചു.
ലോക ഫുട്ബാളര്‍ ലയണല്‍ മെസിയുടെ പാസ്പോര്‍ട്ടിന്‍റെ വിഡിയോ ദൃശ്യം സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച പൊലീസുകാരന് ദുബൈ കോടതി ഒരു മാസം തടവുശിക്ഷ വിധിച്ചു. മെസിയുടെ സ്വകാര്യത ലംഘിച്ചുവെന്ന കുറ്റം ചുമത്തിയാണ് 26കാരനായ സ്വദേശി പൊലീസുകാരനെ ശിക്ഷിച്ചത്.
ഗ്ളോബ് സോക്കറിന്‍റെ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ദുബൈയിലെത്തിയ വേളയില്‍ ഡിസംബര്‍ 27ന് വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ മെസിയുടെ പാസ്പോര്‍ട്ടിന്‍റെ ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് വിഡിയോ സ്നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വിഡിയോ വ്യാപകമായി പ്രചരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസുകാരന്‍ അറസ്റ്റിലായത്.
സംഭവ ദിവസം വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇയാള്‍ രണ്ടു ദിവസത്തെ സിക്ക് ലീവ് സമര്‍പ്പിക്കാന്‍ സഹപ്രവര്‍ത്തകനടുത്തേക്ക് പോകുമ്പോഴാണ് മെസി വരുന്നതായി അറിഞ്ഞത്. കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെങ്കിലും മെസി ക്ഷീണിതനാണെന്ന് അംഗരക്ഷകര്‍ പറഞ്ഞതിനാല്‍ നടന്നില്ല. ഇതിനിടെയാണ് പ്രൈവറ്റ് ജെറ്റ് വിഭാഗത്തിലെ പാസ്പോര്‍ട്ട് കണ്‍ട്രോള്‍ ഡെസ്കിന് മുകളില്‍ മെസ്സിയുടെ പാസ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തന്‍റെ ഐഫോണില്‍ ഇതിന്‍റെ വിഡിയോ എടുത്തു. 'ഇതാ മെസ്സി ദുബൈയിലത്തെിയിരിക്കുന്നു, ഞാന്‍ എന്തുചെയ്യണം? പാസ്പോര്‍ട്ട് കത്തിച്ചുകളയണോ, തിരികെ അവിടെ വെക്കണോ? ശരി, ശരി... നിങ്ങള്‍ക്ക് പോകാം... എന്ന ശബ്ദ സന്ദേശത്തോടെ വിഡിയോ സ്നാപ്ചാറ്റില്‍ പോസ്റ്റ് ചെയ്തു. തമാശക്കായാണ് ഇത് ചെയ്തതെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. പാസ്പോര്‍ട്ട് ഡെസ്കിന് സമീപം നിന്നിരുന്ന മെസിയുടെ അംഗരക്ഷകന്‍റെ അനുമതിയോടെയാണ് ദൃശ്യം പകര്‍ത്തിയതെന്നും ഇയാള്‍ വാദിച്ചു. ഫോണില്‍ നിന്ന് വിഡിയോ ഉടന്‍ മായ്ച്ചുകളയുകയും ചെയ്തു.
എന്നാല്‍ നിമിഷങ്ങള്‍ക്കകം വിഡിയോ വൈറലാവുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ പൊലീസുകാരന്‍ അറസ്റ്റിലാവുകയുമായിരുന്നു. തനിക്ക് തെറ്റുപറ്റിയെന്ന് ഇയാള്‍ കോടതിയില്‍ സമ്മതിച്ചു. മുമ്പൊരിക്കലും തെറ്റ് ചെയ്തിട്ടില്ലെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ദയയുണ്ടാകണമെന്നും അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് ജഡ്ജി റാഫത്ത് യൂസുഫ് ഒരുമാസം ശിക്ഷ വിധിച്ചത്. കസ്റ്റഡി കാലാവധി ശിക്ഷയുടെ ഭാഗമായി കണക്കാക്കുന്നതിനാല്‍ പാസ്പോര്‍ട്ട് വാങ്ങിവെച്ച ശേഷം ഇയാളെ വിട്ടയക്കാനും ഉത്തരവിട്ടു.