ദേശസ്നേഹത്തിന് ഗാനാവിഷ്ക്കാരം നല്‍കി ദുബൈയിലെ ഒരു കൂട്ടം അന്ധഗായകര്‍
|ബ്ലാക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഗായകസംഘത്തിന്റെ ദേശഭക്തി ഗാനങ്ങളോടെയാണ് ദുബൈയില്‍ ഇന്ത്യന്‍ കോൺസുലേറ്റിന്റെ സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് തുടക്കമായത്
കണ്ണുള്ളവര്‍ ഇനിയും കാണാതെ പോയ ദേശസ്നേഹത്തിന്റെ സന്ദേശം പാടി അറിയിക്കുകയാണ് ദുബൈയിലെ ഒരു കൂട്ടം അന്ധഗായകര്‍. ബ്ലാക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഗായകസംഘത്തിന്റെ ദേശഭക്തി ഗാനങ്ങളോടെയാണ് ദുബൈയില്‍ ഇന്ത്യന്‍ കോൺസുലേറ്റിന്റെ സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് തുടക്കമായത്.
ഇരുട്ടില്‍ കൂട്ടം തെറ്റാതിരിക്കാന്‍ കൈകോര്‍ത്തു പിടിച്ചാണ് അവര്‍ ദുബൈ റാശിദ് ഓഡിറ്റോറിയത്തിലേക്ക് കയറി വന്നത്. കണ്ണിലെ ഇരുട്ടില്‍ നിന്ന് ദേശസ്നേഹത്തിന്റെ വെളിച്ചത്തിലേക്ക് അവര്‍ പിന്നെ ആസ്വാദകരെ കൈപിടിച്ചു നടത്തി. സദസിനെ ഒന്നാകെ കൈക്കലാക്കിയ അന്ധഗായക സംഘം ഒപ്പം കൈയടിച്ച് പാടുന്നവിധം ആസ്വാദരെ ആവേശത്തിലാഴ്ത്തി. ഇടക്ക് ദേശാഭിമാനം സ്ഫുരിക്കുന്ന കഥകള്‍ പറഞ്ഞ പാട്ടുകാര്‍ പാകിസ്ഥാനെയും ഇന്ത്യയെയും സംഗീതത്തിന്റെ വഴിയില്‍ ഒന്നിപ്പിക്കുന്ന ഗസലിലേക്ക് ചുവട് മാറ്റി. വര്‍ഷങ്ങളായി ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരായ അന്ധകലാകാരന്‍മാരുടെ കൂട്ടായ്മയാണ് ബ്ലാക്ക്. കോൺസുല്‍ ജനറല്‍ അനുരാഗ് ഭൂഷന്‍ സ്വാതന്ത്ര്യത്തിന്റെ സന്ദേശം നല്‍കി. ഉദ്യോഗസ്ഥര്‍ പുരസ്കാരം നല്‍കി ഗായകരെ ആദരിച്ചു. ഭാരതമെന്ന പേരു കേട്ടാല്‍ അഭിമാന പൂരിതമാകുന്ന അന്തരംഗവും സായാഹ്നവും സമ്മാനിച്ചാണ് ബ്ലാക്കിലെ അന്ധഗായകര്‍ പാട്ടുകള്‍ പാടി നിര്‍ത്തിയത്.