അല്‍ ഹൂദ് ഇന്‍റര്‍ചേഞ്ച് നവംബറില്‍ ഗതാഗതത്തിന് തുറന്നു കൊടുക്കും
|ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡും അല്‍ യലായിസ് റോഡും സന്ധിക്കുന്ന സ്ഥലത്താണ് ഇന്‍റര്‍ചേഞ്ച് നിര്‍മാണം നടക്കുന്നത്. ഇവിടുത്തെ സിഗ്നല്‍ ജങ്ഷന് പകരമായാണ് മേല്‍പാലങ്ങള്‍ അടങ്ങുന്ന ഇന്‍റര്‍ചേഞ്ച് നിര്‍മിക്കുന്നത്.
ദുബൈയിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിര്‍മിക്കുന്ന അല്‍ ഹൂദ് ഇന്‍റര്‍ചേഞ്ച് നവംബറില്‍ ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് ആര്‍ ടി എ അറിയിച്ചു. നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായതായി പദ്ധതി സ്ഥലം സന്ദര്‍ശിച്ച ആര്‍.ടി.എ ചെയര്‍മാന്‍ പറഞ്ഞു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡും അല്‍ യലായിസ് റോഡും സന്ധിക്കുന്ന സ്ഥലത്താണ് ഇന്‍റര്‍ചേഞ്ച് നിര്‍മാണം നടക്കുന്നത്. ഇവിടുത്തെ സിഗ്നല്‍ ജങ്ഷന് പകരമായാണ് മേല്‍പാലങ്ങള്‍ അടങ്ങുന്ന ഇന്‍റര്‍ചേഞ്ച് നിര്‍മിക്കുന്നത്. ഓരോ ദിശയിലേക്കും മൂന്ന് പാതകള്‍ വീതമുള്ള മേല്‍പാലത്തിന് 600 മീറ്റര്‍ നീളമുണ്ട്. ആര്‍.ടി.എ ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ നേരിട്ടെത്തി നിര്‍മാണ പുരോഗതി വിലയിരുത്തി.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെ വീതി കൂട്ടലും ഇതോടൊപ്പം നടന്നുവരുന്നുണ്ട്. ജബല്‍ അലി ലഹ്ബാബ് റൗണ്ടെബൗട്ട് മുതല്‍ ആല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ഭാഗം വീതികൂട്ടിക്കഴിഞ്ഞു. ഏഴുകിലോമീറ്റര്‍ ദൂരം റോഡ് ഓരോ ദിശയിലും മൂന്ന് ലെയിനില്‍ നിന്ന് ആറ് ലെയിനാക്കിയാണ് വീതി കൂട്ടിയത്. ജബല്‍ അലി ലഹ്ബാബ് റൗണ്ടെബൗട്ട് മുതല്‍ അല്‍ ഹൂദ് റൗണ്ടെബൗട്ട് വരെയുള്ള നാല് കിലോമീറ്റര്‍ റോഡ് വീതികൂട്ടല്‍ നവംബറില്‍ പൂര്‍ത്തിയാകും. അല്‍ഖൈല്‍ റോഡ് ഇന്‍റര്‍ചേഞ്ച് മുതല്‍ അല്‍ ഹൂദ് റൗണ്ടെബൗട്ട് വരെ സര്‍വീസ് റോഡും നിര്‍മിക്കുന്നുണ്ട്. ഒക്ടോബര്‍ ആദ്യം ഇത് പൂര്‍ത്തിയാകും. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്ക്, ജബല്‍ അലി ഫ്രീസോണ്‍ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളുടെ നീക്കം ഇതോടെ സുഗമമാകുമെന്നാണ് പ്രതീക്ഷ.