കരിമരുന്നിനെതിരെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണവുമായി ദുബൈ പൊലീസ്
|പടക്കം ഉപയോഗിക്കുന്നതുമൂലമുള്ള അപകടങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും അറിവ് നല്‍കാന്‍ പോന്ന കലാപരിപാടികളും മറ്റും ഉള്‍പ്പെടുത്തിയാണ് കാമ്പയിന് രൂപം നല്‍കിയിരിക്കുന്നത്.
പടക്കം, കരിമരുന്ന് ഉപയോഗത്തിനെതിരെ ദുബൈ പൊലീസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നു. ഇതിന്‍റെ ഭാഗമായി ദുബൈ ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്തു.
ആസന്നമായ പെരുന്നാള്‍ വേളയിലും മറ്റും ആഘോഷത്തിന് പടക്കം ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ ആവിഷ്കരിച്ചിരിക്കുന്നത്. കുട്ടികള്‍ പടക്കം ഉപയോഗിക്കുന്നതുമൂലമുള്ള അപടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാമ്പയിന് ഏറെ പ്രസക്തിയുണ്ടെന്ന് ദുബൈ പൊലീസ് കരുതുന്നു. പടക്കം ഉപയോഗിക്കുന്നതുമൂലമുള്ള അപകടങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും അറിവ് നല്‍കാന്‍ പോന്ന കലാപരിപാടികളും മറ്റും ഉള്‍പ്പെടുത്തിയാണ് കാമ്പയിന് രൂപം നല്‍കിയിരിക്കുന്നത്.
ദുബൈ പൊലീസ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി വകുപ്പിലെ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അലി അല്‍ ഗെയ്തി, ദുബൈ പോലീസിലെ മുതിര്ന്ന ഓഫിസര്‍മാരായ ലെഫ് കേണല്‍ അയൂബ് അബ്ദുല്ല ഇബ്രാഹിം കന്‍കസര്‍, എഞ്ചിനീയര്‍ ഹുമൈദ് സുല്‍ത്താന്‍ ബിന്‍ ദര്‍മൂക്, ദുബൈ ഇന്ത്യന്‍ ഹൈസ്കൂള്‍ ചെയര്‍മാന്‍ സുനില്‍ ഉംറാവു സിംഗ്, സി.ഇ.ഒ. ഡോ. അശോക് കുമാര്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്.
കുട്ടികള്‍ കരിമരുന്ന് വാങ്ങുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബ്രിഗേഡിയര്‍ അബ്ദുല്ല അലി അല്‍ ഗെയ്തി പറഞ്ഞു. താമസ മേഖലകളില്‍ പടക്കവും കരിമരുന്നും ഉപയോഗിക്കുന്നത് ദുബൈയില്‍ നിയമവിരുദ്ധമാണ്. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇതിന് അനുമതിയുള്ളൂ. നിയമം ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും ദുബൈ പൊലീസ് മേധാവി വ്യക്തമാക്കി.