തീവ്രവാദ ബന്ധത്തിന്റെ പേരില്‍ 19 ഇന്ത്യക്കാരെ പിടികൂടിയെന്ന് സൗദി ആഭ്യന്തരമന്ത്രാലയം
|കഴിഞ്ഞ 8 മാസത്തിനുള്ളില്‍ 823 വിദേശികളാണ് രാജ്യത്ത് അറസ്റ്റിലായത്. അതാത് രാജ്യങ്ങളുടെ എംബസികൾക്ക് ഇവരുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
സൗദിയിൽ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ 9 ഇന്ത്യക്കാരെ പിടികൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 8 മാസത്തിനുള്ളില്‍ 823 വിദേശികളാണ് രാജ്യത്ത് അറസ്റ്റിലായത്. 114 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
29പാകിസ്ഥാൻ സ്വദേശികൾ, 19 ഇന്ത്യക്കാർ, 8 യു എസ് പൌരന്മാർ അടക്കം 823 പേരെയാണ് കഴിഞ്ഞ 8 മാസത്തിനുള്ളില്‍ ദൗത്യ സേന പിടികൂടിയിട്ടുള്ളത്. അതാത് രാജ്യങ്ങളുടെ എംബസികൾക്ക് ഇവരുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനുള്ള സഹകരണം ആവശ്യപ്പെട്ടതായും അഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിക്കപെട്ടവരിൽ 7 ഇന്ത്യക്കാർക്കെതിരെ തീവ്രവാദം കുറ്റം തെളിഞ്ഞതായും, 12 പേർക്കെതിരെ വിചാരണ നടക്കുന്നതായും എംബസി അധികൃതർ അറിയിച്ചു. ഇന്ത്യയിലെ ഏതു സംസ്ഥാനക്കാരാണ് ഇവര്‍ എന്ന വിവരം പുറത്ത് വിട്ടിട്ടില്ല. ഇതിൽ ഭൂരിപക്ഷവും നാട്ടിലെ സന്നദ്ധ സംഘടനകളുടെ മറവിലാണ് പ്രവർത്തിച്ചിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിചാരണ പൂർത്തിയാവാതെ ഇവരുടെ വിവരങ്ങൾ വെളിപ്പെടുത്തുകയില്ലെന്നും മന്ത്രാലയം അറിയിച്ചു. ഇവർ പ്രവർത്തിച്ചിരുന്ന സന്നദ്ധ സംഘടനകളുടെ പേരുവിവരങ്ങൾ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി അതികൃതർ അറിയിച്ചു. സൂക്ഷ്മ നിരീക്ഷനത്തിന് ശേഷം 114 ബാങ്ക് അക്കൌണ്ടുകളും മരവിപ്പിച്ചു. വിദേശികളുടെ പങ്ക് വളരെ ഗൌരവത്തോടെ കാണുന്നുവെന്നും വിദേശികളുടെ ബാങ്ക് ഇടപാടുകൾ സൂക്ഷ്മ നിരീക്ഷണത്തിലാക്കാൻ ഉത്തരവിട്ടതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവർക്ക് സഹായം ചെയ്ത സൗദി സന്നദ്ധ സംഘടനകളുടെ ഓഫീസുകൾ സീൽ വെച്ച് പൂട്ടിയിട്ടുണ്ട്.