അടുത്ത മൂന്നു വര്‍ഷം കൊണ്ട് കുവൈത്തിന്റെ ബജറ്റ് കമ്മി 22 ബില്ല്യണ്‍ ദിനാറിലെത്തും
|അടുത്ത മൂന്നു വര്‍ഷം കൊണ്ട് കുവൈത്തിന്റെ ബജറ്റ് കമ്മി 22 ബില്ല്യണ്‍ ദിനാറിലെത്തുമെന്നു ധനമന്ത്രി അനസ് അല്‍ സാലിഹ്.
അടുത്ത മൂന്നു വര്‍ഷം കൊണ്ട് കുവൈത്തിന്റെ ബജറ്റ് കമ്മി 22 ബില്ല്യണ്‍ ദിനാറിലെത്തുമെന്നു ധനമന്ത്രി അനസ് അല്‍ സാലിഹ്. എണ്ണവിലയില്‍ ഉണ്ടായ ഇടിവ് കാരണം പ്രതിവര്‍ഷം 7 .3 ബില്ല്യണ്‍ ദിനാറിന്റെ കമ്മി പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി .
കുവൈത്തില്‍ നടന്ന ദേശീയ മുന്‍ഗണന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പെട്രോളിയം മന്ത്രി കൂടിയായ അനസ് അല്‍ സ്വലിഹ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീവ്ര യത്നത്തിലാണ് ഗവണ്മെന്റെന്നും വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിച്ചു ദീര്‍ഘകാലടിസ്ഥാനത്തിലുള്ള പരിഹാരം സാധ്യമാക്കാനാണ് ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു . എണ്ണ വിലത്തകര്‍ച്ചയോടൊപ്പം മുന്‍കാലങ്ങളെ അപേക്ഷിച്ച് പൊതു ചെലവില്‍ ഉണ്ടായ റെക്കോര്‍ഡ് വര്‍ദ്ധനയും സമ്പദ്ഘടനയെ ബാധിച്ചിട്ടുണ്ട്. ഭാവിതലമുറക്ക് വേണ്ടിയുള്ള കരുതല്‍ നിധി വകയിരുത്തിയ ശേഷമാണ് കുവൈത്ത് വാര്‍ഷിക വിഹിതം കണക്കാക്കുന്നതെന്നും. കരുതല്‍ നിക്ഷേപങ്ങളില്‍ നിന്നു ലഭിക്കുന്ന ലാഭവിഹിതം പൊതു ചെലവുകള്‍ക്കായി ഉപയോഗിക്കാറില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബജറ്റ് കമ്മി നികത്താന്‍ കരുതല്നിധിയെ ആശ്രയിക്കില്ലെന്നു ധനമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. എണ്ണ വിലയില്‍ മാറ്റമുണ്ടായാലും പൊതു ചെലവു നിയന്ത്രികാതെ ബജറ്റ് കമ്മി നികത്താന്‍ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് കൊണ്ട് തന്നെ ഒരേ സമയം ചെലവു നിയന്ത്രണത്തിനും എണ്ണയിതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഊന്നല്‍ നല്കുന്ന സാമ്പത്തിക പരിഷ്കരണമാണ് കുവൈത്ത് ലക്ഷ്യമിടുന്നത്.