സൌദിയില്‍ പരിഷ്‍കരണ പദ്ധതികള്‍ ഇന്ന് പ്രഖ്യാപിക്കും
|സൌദി അറേബ്യയുടെ സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പരിഷ്‍കരണ പദ്ധതികള്‍ ഇന്ന് മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിക്കും.
സൌദി അറേബ്യയുടെ സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പരിഷ്‍കരണ പദ്ധതികള്‍ ഇന്ന് മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിക്കും. എണ്ണ ഇതര മേഖലകളില്‍ നിന്നു വരുമാനം കണ്ടെത്തുന്നതും സാമ്പത്തിക അച്ചടക്ക നടപടികളും ഉള്‍പ്പെടെയുള്ള വിവിധ പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകും. സൌദി വിഷന്‍ 2030 എന്ന പേരിലാണ് പദ്ധതി ആവിഷ്‍കരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ സാമ്പത്തിക സാമൂഹ്യ രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വലിയ പ്രഖ്യാപനങ്ങള്‍ ഈ മാസം 25നുണ്ടാകുമെന്ന് രണ്ടാം കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്ലൂബര്‍ഗ് ഏജന്‍സിക്ക് നല്‍കി അഭിമുഖത്തിലാണ് അമീര്‍ മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനു ശേഷം സ്വദേശികളും വിദേശികളും ആശങ്കയോടും പ്രതീക്ഷയോടെയുമാണ് പുതിയ പ്രഖ്യാപനത്തെ പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ എണ്ണ കമ്പനിയായ സൌദി അരാംകോയുടെ അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സമ്പൂര്‍ണ ഊര്‍ജ്ജ കമ്പനിയായി അരാംകോയെ മാറ്റാനും പദ്ധതിയുണ്ട്. ഭാവിയിലേക്ക് രണ്ട് ട്രില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ പ്രത്യേക ഫണ്ട് കണ്ടെത്താനുള്ള നടപടികളുടെ പ്രഖ്യാപനമാണ് പ്രധാന തീരുമാനങ്ങളിലൊന്ന്. എണ്ണ വിലിയിടിവിന്റെ സാഹചര്യത്തില്‍ ചിലവ് കുറക്കല്‍ നടപടികള്‍ തുടരും. അതോടൊപ്പം സബ്സിഡികളില്‍ കുറവ് വരുത്തുകയും അര്‍ഹരായവര്‍ക്ക് പണമായി നല്‍കുകയും ചെയ്യുന്ന പ്രഖ്യാപനങ്ങളും ഉണ്ടാകും. എണ്ണ ഇതര മേഖലകളില്‍ നിന്ന് വരുമാനം വര്‍ധിക്കാനുള്ള വിവിധ പദ്ധതികളും നാളെ പ്രഖ്യാപിക്കും. മൂല്യ വര്‍ധിത നികുതി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്ന് രണ്ടായിരത്തി ഇരുപതോടെ നൂറ് ബില്യണ്‍ റിയാല്‍ അധിക വരുമാനം കണ്ടെത്താനുള്ള പദ്ധതികളും വിഷന്‍ 2030ന്റെ ഭാഗമായി പ്രഖ്യാപിക്കും.