Gulf
വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നടപടി യുഎഇ നിര്‍ത്തിവെക്കുന്നുവായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നടപടി യുഎഇ നിര്‍ത്തിവെക്കുന്നു
Gulf

വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നടപടി യുഎഇ നിര്‍ത്തിവെക്കുന്നു

admin
|
7 Jun 2017 4:42 PM GMT

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറുകിട മേഖലയെ രക്ഷിക്കാന്‍ ബാങ്കുകളുടെ കൂട്ടായ്മയാണ് ഈ തീരുമാനമെടുത്തത്.

വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്കെതിരെ ക്രിമിനല്‍ നടപടി ആരംഭിക്കുന്നത് യുഎഇ‍ ബാങ്കുകള്‍ നിര്‍ത്തിവെക്കുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറുകിട മേഖലയെ രക്ഷിക്കാന്‍ ബാങ്കുകളുടെ കൂട്ടായ്മയാണ് ഈ തീരുമാനമെടുത്തത്.

വായ്പ അടവ് ഈടാക്കുന്നതിന് കമ്പനികള്‍ നല്‍കുന്ന ചെക്ക് പണമില്ലാതെ മടങ്ങുമ്പോള്‍ എസ് എം ഇ സ്ഥാപനങ്ങള്‍ക്കെതിരെ ക്രിമിനല്‍ നടപടി ആരംഭിക്കുന്നതില്‍ ഇളവ് നല്‍കാനാണ് ബാങ്കുകളുടെ കൂട്ടായ്മയായ യു എ ഇ ബാങ്ക് ഫെഡറേഷന്റെ തീരുമാനം. വായ്പാ തിരിച്ചടവില്‍ വീഴ്ചവരുത്തുന്ന ചെറുകിട സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു തീരുമാനം എന്നതും ശ്രദ്ധേയമാണ്. ചെക്ക് മടങ്ങിയ ഉടന്‍ കേസ് കൊടുക്കുന്നതിന് പകരം നിലവിലെ തിരിച്ചടവ് വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിന് കമ്പനികള്‍ക്ക് 15 ദിവസം സമയം അനുവദിക്കും. തുടര്‍ന്നുള്ള 90 ദിവസം സ്ഥാപനങ്ങള്‍ക്കെതിരെ കേസ് നല്‍കുകയോ, ഉടമയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ കോടതിയെ സമീപിക്കുകയോ ചെയ്യില്ലെന്ന് ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ഖുറൈര്‍ പറഞ്ഞു.

നിലവില്‍ നിയമ നടപടി നേരിടുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ പുതിയ വ്യവസ്ഥയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കാനും അവസരമൊരുക്കും. എസ് എം ഇ മേഖലക്ക് താങ്ങ് എന്ന നിലയ്ക്കാണ് തീരുമാനം. കുറഞ്ഞത് 500 ലക്ഷം ദിര്‍ഹം വായ്പയെടുക്കുകയോ, നൂറ് ദശലക്ഷം ദിര്‍ഹം വിറ്റുവരവുള്ളതോ ആയ സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വായ്പ തിരിച്ചടക്കാനാവാതെ പ്രവാസികളായ കമ്പനി ഉടമകള്‍ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് കടക്കുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

Similar Posts