വിശ്വാസികളെകൊണ്ട് നിറഞ്ഞ് മക്ക
|റമദാനിലെ ആദ്യ ദിനം തന്നെ മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയും ലക്ഷക്കണക്കിന് വിശ്വാസികളെത്തി. ഇരുഹറമുകളിലും വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാന്‍ വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു.
റമദാനിലെ ആദ്യ ദിനം തന്നെ മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയും ലക്ഷക്കണക്കിന് വിശ്വാസികളെത്തി. ഇരുഹറമുകളിലും വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാന്‍ വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു. രാത്രി നമസ്കാരത്തിന് എത്തിയവരുടെ നിര മസ്ജിദുകളുടെ മുറ്റത്തിന് പുറത്തേക്കും നീണ്ടു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ഉംറ തീര്‍ഥാകടരും സൌദിയില്‍ നിന്നുള്ള സന്ദര്‍ശകരുടെ കൂടിയെത്തിയപ്പോള്‍ റമദാന്‍ ഒന്നിന് തന്നെ മക്കയിലെ ഹറമില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. ഹറം വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയിലും വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാന്‍ മസ്ജിദിന് അകത്തും പുറത്തും വിപുലമായ സൌകര്യം ഒരുക്കിയിരുന്നു. അസര്‍ നമസ്കാരം കഴിഞ്ഞത് മുതല്‍ നോമ്പ് തുറക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
നോമ്പ് തുറക്കാനുള്ള ഭക്ഷണ കിറ്റുകള്‍ സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധ സംഘടനകളും വിതരണം ചെയ്തു. മസ്ജിദിനകത്ത് ഈത്തപ്പഴവും സംസം വെള്ളവും മാത്രമേ അനുവദിക്കുകയുള്ളൂ. ഇരു ഹറമുകളിലെത്തുന്ന വിശ്വാസികള്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ മുപ്പത് ദിവസും സൌജന്യമായി വിതരണം ചെയ്യും. ചില ചാരിറ്റി സംഘടനകള്‍ അത്താഴ വിതരണവും നടത്തുന്നുണ്ട്. എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും റമദാനില്‍ മദീനയിലെ മസ്ജിദുന്നബവി വിശ്വാസികളെ കൊണ്ടു നിറഞ്ഞു.
പ്രവാചക നഗരിയില്‍ എത്തുന്ന ജനലക്ഷങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ സ്വദേശികളും വിദേശികളും ഒരു പോലെ മത്സരിക്കുന്ന കാഴ്ച്ചയാണ് മസ്ജിദിലും പരിസരങ്ങളിലും കാണാന്‍ കഴിയുന്നത്. മദീനയിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന മലയാളികളും ആദ്യത്തെ നോമ്പ് തുറക്കാന്‍ ഇന്നലെ മസ്ജിദുന്നബവിയിലെത്തിയിരുന്നു.