ഒമാനിലെ ലുലു മാളുകളില്‍ മാമ്പഴോത്സവം
|ഒമാന്‍, ഇന്ത്യ, കെനിയ, തായ്‌ലാന്റ്, ഇന്ത്യോനേഷ്യ, മലേഷ്യ തുടങ്ങി പതിമൂന്നോളം രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ ഇനം മാങ്ങകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്
മാമ്പഴങ്ങളുടെ വന്‍ ശേഖരവുമായി ഒമാനിലെ ലുലു മാളുകളില്‍ മാമ്പഴോത്സവത്തിന് തുടക്കമായി. ഇന്ത്യയുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വ്യത്യസ്തമായ ഇനം മാങ്ങകളാണ് ഉപഭോക്തക്കള്‍ക്കായ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.
മസ്‌കത്തിലെ ബോഷര്‍ ലുലുവില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഇന്ദ്രമണി പാണ്ടെയ്, ബോഷര്‍ നഗരസഭ മേധാവി അഹമ്മദ് അല്‍ ശബാനി എന്നിവര്‍ ചേര്‍ന്നാണ് 10 ദിവസം നീണ്ടു നില്ക്കുന്ന മേള പ്രവാസി സമൂഹത്തിനായി തുറന്നു കൊടുത്തത്. ഒമാന്‍, ഇന്ത്യ, കെനിയ, തായ്‌ലാന്റ്, ഇന്ത്യോനേഷ്യ, മലേഷ്യ തുടങ്ങി പതിമൂന്നോളം രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ ഇനം മാങ്ങകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.
മാമ്പഴരുചിക്കൂട്ടുകള്‍ ഉപയോഗിച്ച് മേളയില്‍ ഒരുക്കിയിട്ടുള്ള മാങ്ങ അച്ചാറുകള്‍, കേക്കുകള്‍, ജാം തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും നല്‍കുക എന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഇന്ദ്രമണി പാണ്ടെയ് പറഞ്ഞു. പ്രത്യേക വിലകുറവ് നല്‍കിക്കൊണ്ട് നടക്കുന്ന മേളയില്‍ മാങ്ങകളുടെ രുചി വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി ഇന്‍സ്‌റ്റോര്‍ കൗണ്ടറുകളിലൂടെ രുചിച്ചുനോക്കി വാങ്ങുവാനും അവസരമുണ്ട്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ റീജിയണല്‍ ഡയറക്ടര്‍ കെ.എ ശബീര്‍, ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ എ.വി. ആനന്ദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മേള ഈ മാസം 22 ന് അവസാനിക്കും.