യു.എ.ഇയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത്
|ഇതാദ്യമായാണ് ഒരു അറബ് രാജ്യത്തിന്റെ കോണ്‍സുലേറ്റിന് തിരുവനന്തപുരം വേദിയാകുന്നത്.
യു.എ.ഇയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഈ മാസം 19 ന് വൈകീട്ട് നാലിന് ഉദ്ഘാടനം ചെയ്യും. ഇതോടെ അറ്റസ്റ്റേഷന് ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ക്ക് ദല്‍ഹി, മുംബൈ നഗരങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാകും ഇല്ലാതാവുക. തൊഴില്‍നിയമനം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ നടപടിക്രമങ്ങള്‍ കോണ്‍സുലേറ്റ് യാഥാര്‍ഥ്യമാകുന്നതോടെ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
യു.എ.ഇയുടെ രണ്ടാമത് കോണ്‍സുലേറ്റാണ് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. മലയാളികളുടെ നീണ്ടകാലത്തെ ആവശ്യം കൂടിയാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. ജമാല്‍ ഹുസൈന് റഹ്മ ഹുസൈന് ആല് സആബിയാണ് പുതിയ കോണ്‍സുല്‍ ജനറല്‍. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള മികച്ച ബന്ധത്തിന്റെ കൂടി തെളിവാണ് പുതിയ കോണ്‍സുലേറ്റെന്ന് നോര്‍ക്ക വൈസ് ചെയര്‍മാനും വ്യവസായ പ്രമുഖനുമായ എം.എ യൂസുഫലി പറഞ്ഞു.
ഇതാദ്യമായാണ് ഒരു അറബ് രാജ്യത്തിന്റെ കോണ്‍സുലേറ്റിന് തിരുവനന്തപുരം വേദിയാകുന്നത്. ഇതിന്റെ ചുവടുപിടിച്ച് സൗദി അറേബ്യ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളും തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് ആരംഭിച്ചേക്കും എന്നാണ് പ്രതീക്ഷ.
തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് വന്ന സാഹചര്യത്തില്‍ യു.എ.ഇയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിക്കാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.