എമിറേറ്റസ് വിമാനത്തിന്‍റെ അപകട കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി
|13 യാത്രക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
തിരുവനന്തപുരം- ദുബൈ എമിറേറ്റ്സ് വിമാനത്തിന്റെ അപകടകാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13 യാത്രക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. യുഎഇ സ്വദേശിയായ അഗ്നിശമന സേനാംഗത്തിന് മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ സ്വദേശിയായ പൈലറ്റാണ് അപകടത്തില്‍പെട്ട വിമാനം പറത്തിയിരുന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും 7000 മണിക്കൂറില്‍ കൂടുതല്‍ പറക്കല്‍ പരിചമുള്ളവരായിരുന്നു. ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് അപകടകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും എമിറേറ്റ്സ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍ മക്തും പറഞ്ഞു. സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല. 13 പേര്‍ക്ക് മാത്രമാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവര്‍ക്ക് ചികില്‍സ നല്‍കി വിട്ടയച്ചെന്നും ചെയര്‍മാന്‍ പറഞ്ഞു.
281 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ രക്ഷപ്പെടുത്താന്‍ വിമാന ജീവനക്കാരും സിവില്‍ഡിഫന്‍സും സുത്യര്‍ഹമായ സേവനമാണ് നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട അഗ്നിശമസേനാംഗം ജാസിം ഈസ മുഹമ്മദ് ഹസന്‍ അല്‍ ബലൂഷിക്ക് ചെയര്‍മാന്‍ ആദരാഞ്ജലി അര്‍പ്പിച്ചു