Gulf
സൗദിയിലെ മൊബൈല്‍ ഫോണ്‍ വില്‍പന മേഖലയിലെ  ബിനാമി ഇടപാടുകളില്‍ വര്‍ധനവ്സൗദിയിലെ മൊബൈല്‍ ഫോണ്‍ വില്‍പന മേഖലയിലെ ബിനാമി ഇടപാടുകളില്‍ വര്‍ധനവ്
Gulf

സൗദിയിലെ മൊബൈല്‍ ഫോണ്‍ വില്‍പന മേഖലയിലെ ബിനാമി ഇടപാടുകളില്‍ വര്‍ധനവ്

admin
|
23 Jun 2017 8:04 AM GMT

തൊഴില്‍ മന്ത്രാലയം അതിവേഗ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തുന്നത് സ്വദേശി ബിസിനസ് സംരംഭകരെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത

സൗദിയിലെ മൊബൈല്‍ ഫോണ്‍ വില്‍പന മേഖലയില്‍ നിലവിലുള്ള സ്ഥാപനങ്ങളില്‍ 80 ശതമാനവും ബിനാമി ഇടപാടുകളാണെന്ന് സ്വദേശി നിക്ഷേപകര്‍ വെളിപ്പെടുത്തി. എന്നാല്‍ ഈ രംഗത്ത് തൊഴില്‍ മന്ത്രാലയം അതിവേഗ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തുന്നത് സ്വദേശി ബിസിനസ് സംരംഭകരെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. സ്വദേശിവല്‍ക്കരണത്തിനാവശ്യമായ ജീവനക്കാരെ ലഭിക്കാനുള്ള പ്രയാസമാണ് കാരണം.

ദ്രുതഗതിയിലുള്ള സ്വദേശിവല്‍ക്കരണത്തിന് പകരം ഘട്ടംഘട്ടമായി ഈ രംഗത്ത് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തുന്നതാണ് ബിനാമി ഇടപാട് ഇല്ലാതാക്കാനുള്ള ഫലപ്രദമായ മാര്‍ഗമെന്നും സ്വദേശി നിക്ഷേപകര്‍ അഭിപ്രായപ്പെട്ടു. മൊബൈല്‍ഫോണ്‍ വ്യാപാര രംഗത്ത് 80-85 ശതമാനം ബിനാമി ഇടപാടുകളാണ് നടക്കുന്നതെന്ന് സ്വദേശി സംരംഭകനായ അബ്ദുല്‍ വഹാബ് അല്‍ഖാമിദി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. മൊബൈല്‍ ഫോണ്‍ വില്‍പ്പന, റിപ്പയറിങ് രംഗത്ത് വിദേശികളുടെ കുത്തകയാണ് സൗദിയില്‍ നടക്കുന്നത്. നീണ്ട തൊഴില്‍ സമയവും മറ്റും കാരണം സ്വദേശി യുവാക്കള്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ വിമുഖത കാണിക്കുന്നതാണ് മുഖ്യകാരണം. എന്നാല്‍ വില്‍പ്പന, റിപ്പയറിങ് പരിശീലനത്തിനായി ഹൃസ്വകാല ട്രെയ്നിങ് കോഴ്സുകള്‍ ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നടപ്പാക്കിയ രീതിയില്‍ സ്വദേശിവല്‍ക്കരണം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിലൂടെ സ്വദേശി യുവാക്കള്‍ക്ക് ഈ മേഖലയിലെ തൊഴില്‍ സാധ്യത തിരിച്ചറിയാനാകും.

മറിച്ച് പെട്ടെന്നുള്ള സ്വദേശിവല്‍ക്കരണത്തിന്റെ ചിലവുകളും മറ്റും കാരണം ഈ രംഗത്തെ ചെറുകിട സ്വദേശി സംരംഭകര്‍ അപ്രത്യക്ഷരാവാന്‍ കാരണമാകും. ഇത് ബിനാമികള്‍ക്ക് രംഗത്ത് പിടിച്ചുനില്‍ക്കാന്‍ അവസരമൊരുക്കുമെന്നും അല്‍ഖാമിദി പറഞ്ഞു. അതോടൊപ്പം വ്യക്തമായ ആസൂത്രണത്തിന്റെ അഭാവമാണ് ഈ രംഗത്ത് വിദേശികളുടെ കുത്തക നിലനില്‍ക്കാനും അതിലൂടെ 85 ശതമാനംവരെ മൊബൈല്‍ഫോണ്‍ വില്‍പ്പന സ്ഥാപനങ്ങള്‍ ബിനാമികളായി പ്രവര്‍ത്തിക്കാനും കാരണമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts