ദുബൈയില്‍ ഇന്ന് ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണയോട്ടം
|മിഡിലീസ്റ്റ്- ആഫ്രിക്കന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന പൊതുഗതാഗത സമ്മേളനം ഇന്ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടങ്ങും.
മിഡിലീസ്റ്റ്- ആഫ്രിക്കന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന പൊതുഗതാഗത സമ്മേളനം ഇന്ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടങ്ങും. ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന ആര്‍.ടി.എയുടെ 10 സീറ്റ് വാഹനത്തിന്റെ പരീക്ഷണയോട്ടമാണ് സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണം.
ഇതാദ്യമായാണ് ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന് ദുബൈയില്‍ വേദിയൊരുങ്ങുന്നത്. ഈസി മൈല്‍, ഓംനിക്സ് കമ്പനികള്‍ സംയുക്തമായി നിര്‍മിച്ച വാഹനമാണ് പരീക്ഷണയോട്ടത്തിനായി കൈമാറിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച റൂട്ടുകളില്‍ കുറഞ്ഞ ദൂരം യാത്ര ചെയ്യാവുന്ന വാഹനമാണിത്. വിവിധ കാലാവസ്ഥകളില്‍ യാത്ര ചെയ്യാന്‍ വാഹനത്തിന് ശേഷിയുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ക്കനുസരിച്ച് റൂട്ടില്‍ മാറ്റം വരുത്തുകയുമാകാം. എതിരെ മറ്റ് വാഹനങ്ങളോ വസ്തുക്കളോ വന്നാല്‍ കൂട്ടിയിടിക്കാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാഹനത്തില്‍ ഘടിപ്പിച്ച സെന്‍സറുകളും ഇന്‍റലിജന്‍റ് സംവിധാനങ്ങളുമാണ് ഇതിന് സഹായിക്കുന്നത്.
കാലാവസ്ഥാ വ്യതിയാന- പരിസ്ഥിതി കാര്യ മന്ത്രി ഥാനി അഹ്മദ് അല്‍ സിയൂദിയുടെ മുഖ്യപ്രഭാഷണത്തോടെയാണ് പൊതുഗതാഗത സമ്മേളനത്തിന് തുടക്കമാകുക. 29 രാജ്യങ്ങളില്‍ നിന്ന് 600ഓളം പ്രതിനിധികള്‍ പങ്കെടുക്കും. 10 രാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരും സമ്മേളനത്തില്‍ എത്തും.