Gulf
മനുഷ്യക്കടത്തിന്റെ ഇരകളായി ദുബൈയിലെത്തുന്നവരെ സഹായിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍മനുഷ്യക്കടത്തിന്റെ ഇരകളായി ദുബൈയിലെത്തുന്നവരെ സഹായിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍
Gulf

മനുഷ്യക്കടത്തിന്റെ ഇരകളായി ദുബൈയിലെത്തുന്നവരെ സഹായിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍

Jaisy
|
13 July 2017 3:03 PM GMT

ഇരകള്‍ക്ക് പൊലീസുമായി നേരിട്ട് ബന്ധപ്പെടാനും സഹായം ആവശ്യപ്പെടാനും കഴിയുന്ന വിധത്തിലാണ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്

മനുഷ്യക്കടത്തിന്റെ ഇരകളായി ദുബൈയിലെത്തുന്നവരെ സഹായിക്കാന്‍ ദുബൈ പൊലീസ് സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇരകള്‍ക്ക് പൊലീസുമായി നേരിട്ട് ബന്ധപ്പെടാനും സഹായം ആവശ്യപ്പെടാനും കഴിയുന്ന വിധത്തിലാണ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്. ദുബൈ പൊലീസിന്റെ മനുഷ്യക്കടത്ത് കുറ്റകൃത്യ നിരീക്ഷണ കേന്ദ്രമാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.

രാജ്യാന്തര തലത്തില്‍ മനുഷ്യക്കടത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനം അവതരിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹ്യൂമന്‍റൈറ്റ്സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് മുര്‍ പറഞ്ഞു. സഹായം ആവശ്യമുള്ളയാളുടെ വ്യക്തിഗത വിവരങ്ങളും ഐ.ഡി നമ്പറും ഇമെയില്‍ വിലാസവും ആപ്പില്‍ രേഖപ്പെടുത്തണം. പരാതി സമര്‍പ്പിച്ചുകഴിഞ്ഞാല്‍ റഫറന്‍സ് നമ്പര്‍ സഹിതം സന്ദേശം വരും. പരാതി പൊലീസിന് ലഭിച്ചുവെന്ന് ഇതിലൂടെ ഉറപ്പുവരുത്താം. ഇതിന് പുറമെhtccc@dubaipolice.gov.aeഎന്ന ഇമെയില്‍ വിലാസത്തിലും 8005005 എന്ന ഹോട്ട്ലൈന്‍ നമ്പറിലും പരാതി നല്‍കാം.

പൊലീസിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും നിരന്തര പരിശ്രമങ്ങള്‍ മൂലം രാജ്യത്തെ മനുഷ്യക്കടത്ത് ഇരകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. 2012ലെ 37 ഇരകളില്‍ നിന്ന് 2015ല്‍ 13 പേരായി കുറഞ്ഞു. മനുഷ്യക്കടത്ത് തടയാന്‍ ബഹുമുഖ പദ്ധതികള്‍ പ്രഖ്യാപിച്ച ലോക രാജ്യങ്ങളിലൊന്നാണ് യു.എ.ഇയെന്ന് ഡോ. മുഹമ്മദ് മുര്‍ വിശദീകരിച്ചു. ദുബൈ പൊലീസിന്റെ കുറ്റാന്വേഷണ വിഭാഗവും മനുഷ്യാവകാശ വകുപ്പും ഇതിനായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും നല്‍കിവരുന്നതായി അദ്ദേഹം പറഞ്ഞു.

Similar Posts