പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ
|ദുബൈ കെഎംസിസി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വിവിധ പ്രവാസി വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രവാസികളുടെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവണമെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ ആവശ്യപ്പെട്ടു. ദുബൈ കെഎംസിസി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വിവിധ പ്രവാസി വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനവും സമാധാനാന്തരീക്ഷവും പ്രവാസികളുടെ വിയര്‍പ്പിന്റെ കൂടി ഫലമായി നിലനില്‍ക്കുന്നതാണെന്ന യാഥാര്‍ത്ഥ്യം രാഷ്ട്രീയ-ഭരണ നേതൃത്വം തിരിച്ചറിയണം. അതുകൊണ്ടുതന്നെ, അവരുടെ ജീവല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തയാറാകണമെന്നും പാറക്കല്‍ അബ്ദുല്ല പറഞ്ഞു. യാത്രാ പ്രശ്നം, പുനരധിവാസം, പ്രവാസി പെന്‍ഷന്‍, മടങ്ങുന്ന പ്രവാസികള്‍ക്ക് പലിശ രഹിത വായ്പ ലഭ്യമാക്കല്‍, നോര്‍കയുടെ മച്ചപ്പെട്ട പ്രവര്‍ത്തനം എന്നിവയുടെ കാര്യത്തില്‍ അടിയന്തര നടപടി വേണം. ഇബ്രാഹിം മുറിച്ചാണ്ടി ഉള്‍പ്പെടെ കെ.എം.സി.സി നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നാദാപുരത്ത് സമാധാനം നിലനിര്‍ത്താന്‍ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധരാണെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ. എന്നാല്‍ അസ്ലമിന്റെ കൊലയാളികളെ പിടികൂടാന്‍ വൈകിയാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു