Gulf
ഖത്തര്‍ മുന്‍ അമീര്‍ അന്തരിച്ചു, രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണംഖത്തര്‍ മുന്‍ അമീര്‍ അന്തരിച്ചു, രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം
Gulf

ഖത്തര്‍ മുന്‍ അമീര്‍ അന്തരിച്ചു, രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം

Subin
|
28 July 2017 6:55 PM GMT

രണ്ട് പതിറ്റാണ്ടിലധികമായി ഖത്തറില്‍ ഭരണാധികാരിയായിരുന്ന അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

ഖത്തറിലെ മുന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ഥാനി അന്തരിച്ചു. 84 വയസ്സായിരുന്നു. രണ്ട് പതിറ്റാണ്ടിലധികമായി ഖത്തറില്‍ ഭരണാധികാരിയായിരുന്ന അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അതേസമയം സ്‌കൂളുകളും ഓഫീസുകളും സാധാരണപോലെ പ്രവര്‍ത്തിക്കും.

ആധുനിക ഖത്തറിന്റെ വികസനത്തിന് ചുക്കാന്‍ പിടിച്ച ഭരണാധികാരികളില്‍ പ്രമുഖനായിരുന്ന ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ഥാനിയുടെ മരണവാര്‍ത്ത രാത്രി പത്തു മണിയോടെയാണ് ഖത്തറിലെ അമീരി ദിവാന്‍ സ്ഥിരീകരിച്ചത്. 1972 ഫെബ്രുവരി 22 മുതല്‍ 1995 ജൂണ്‍ 27 വരെ രാജ്യത്തെ ഭരണാധികാരിയായിരുന്ന ശൈഖ് ഖലീഫ ബിന്‍ഹമദ് അല്‍ഥാനി 84 ാമത്തെ വയസ്സിലാണ് വിടപറയുന്നത്. നിലവിലെ അമീറിന്റെ പിതാമഹന്‍ കൂടിയായ അദ്ദേഹത്തിന്റെ കാലത്ത് ഖത്തര്‍ എണ്ണയുല്‍പ്പാദനത്തില്‍ വന്‍തോതിലുള്ള പുരോഗതി കൈവരിച്ചു.

1932 ല്‍ ശൈഖ് ഹമദ് ബിന്‍ അബ്ദുല്ല അല്‍ഥാനിയുടെ പുത്രനായി റയ്യാനിലാണ് ജനനം. 1957 ല്‍ ഖത്തറിലെ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 1960 കളില്‍ ധനകാര്യമന്ത്രിയായും പ്രധാനമന്ത്രിയായും നിയമിതനാവുകയായിരുന്നു. പിന്നീട് 1972 ല്‍ ഖത്തര്‍ അമീറായി ചുമതലയേറ്റു. ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ഥാനിയുടെ നിര്യാണത്തില്‍ രാജ്യത്തുടനീളം മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പ്രഖ്യാപിച്ചത്. എന്നാല്‍ രാജ്യത്തെ സ്‌കൂളുകളും ഓഫീസുകളും സാധാരണപോലെ തുറന്ന് പ്രവര്‍ത്തിക്കും.

Similar Posts