പെട്രോള്‍ വിലവര്‍ദ്ധന; ആശ്വാസ പാക്കേജിനെതിരെ വിമർശവുമായി പാര്‍ലമെന്റംഗങ്ങള്‍
|സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം സ്വദേശികള്‍ക്ക് ഗുണം ചെയ്യുന്നതല്ലെന്നും ആളുകളുടെ കണ്ണില്‍ പൊടിയിട്ട് വില വര്‍ധന നടപ്പാക്കാനുള്ള നീക്കമാണെന്നും എംപിമാർ ആരോപിച്ചു
കുവൈത്തിൽ പെട്രോൾ വില വർധനയുടെ പശ്ചാത്തലത്തിൽ സ്വദേശികൾക്കു സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പാക്കേജിനെതിരെ വിമർശവുമായി ഒരു വിഭാഗം പാർലമെന്റ് അംഗങ്ങൾ രംഗത്തെത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം സ്വദേശികള്‍ക്ക് ഗുണം ചെയ്യുന്നതല്ലെന്നും ആളുകളുടെ കണ്ണില്‍ പൊടിയിട്ട് വില വര്‍ധന നടപ്പാക്കാനുള്ള നീക്കമാണെന്നും എംപിമാർ ആരോപിച്ചു.
പാര്‍ലമെന്റ് അംഗങ്ങളായ അബ്ദുല്ല അല്‍ തരീജി, അലി അല്‍ ഖമീസ്, അഹ്മദ് ബിന് മുതീഅ് എന്നിവരാണ് സർക്കാരിന്റെ ആശ്വാസ പാക്കേജിനെതിരെ രംഗത്തെത്തിയത്. പെട്രോളിയം ധനകാര്യം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി അനസ് അൽ സാലിഹിനെ അടുത്ത പാർലമെന്റ് യോഗത്തിൽ കുറ്റവിചാരണ ചെയ്യുമെന്നു എംപിമാർ പറഞ്ഞു. പെട്രോൾ നിരക്ക് വർധന മൂലമുണ്ടാകുന്ന പ്രയാസം കുറക്കാൻ സ്വദേശികള്‍ക്ക്പ്രതിമാസം 75 ലിറ്റര്‍ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം ഭീമമായ നിരക്ക് വര്‍ധനക്ക് നീതീകരണമാകുന്നില്ലെന്ന് അലി അല്‍ ഖമീസ് എം പി പറഞ്ഞു. തീരുമാനത്തിൽ നിന്ന് സര്‍ക്കാര്‍ പിറകോട്ട് പോകാത്ത സ്ഥിതിക്ക് ജനങ്ങള്‍ക്ക് വിജയം ലഭിക്കുന്നതുവരെ തങ്ങളും പിന്നോട്ടില്ലെന്ന് അഹ്മദ് മുതീഅ് എംപി അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന പാര്‍ലമെന്റംഗങ്ങളുടെയും സര്‍ക്കാര്‍ പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് ഡ്രൈവിങ് ലൈസന്‍സുള്ള എല്ലാ സ്വദേശികള്‍ക്കും പ്രതിമാസം 75 ലിറ്റര്‍ പെട്രോള്‍ സൗജന്യ നിരക്കില്‍ നല്‍കാൻ തീരുമാനമായത്. പാർലമെന്റിന്റെ അനുമതി കൂടാതെ പെട്രോൾ വിലവർദ്ധിപ്പിച്ച നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് സർക്കാർ പൗരന്മാർക്ക് ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചത് . അതോടൊപ്പം വിപണിയില്‍ അവശ്യ സാധനങ്ങളുടെ വില വര്‍ധനക്ക് പെട്രോൾ നിരക്ക് പരിഷ്കരണം കാരണമാകുന്നില്ലെന്നു ഉറപ്പുവരുത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.