സന്ദര്‍ശന വിസാ കാലാവധി കഴിഞ്ഞവരെ എയര്‍പോര്‍ട്ടുകളില്‍ നിന്നും മടക്കി അയക്കുന്നു
|പുതിയ വിസയില്‍ എയര്‍പോര്‍ട്ടിലെത്തുമ്പോഴും പിടിക്കപ്പെടുന്നു
സന്ദര്‍ശന വിസാ കാലാവധി അവസാനിച്ചതിന് ശേഷം പിഴ ഒടുക്കി നാട്ടിലേക്ക് മടങ്ങി സൌദിയില്‍ തിരികെയെത്തുന്നവരെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് മടക്കി അയക്കുന്നു. ക്രിമിനല്‍ കേസുകളിലും ഹുറൂബ് തൊഴില്‍ കേസുകളിലും പെട്ട് നാടു കടത്തപ്പെട്ടവരും പുതിയ വിസയില്‍ എയര്‍പോര്‍ട്ടിലെത്തുമ്പോഴും പിടിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്.
സന്ദര്‍ശക വിസ കാലാവധി കഴിയുമ്പോള്‍ പുതുക്കാത്തതിന്റെ പേരില്‍ പിഴയടച്ച് നാട് വിടുന്നവര്‍ വീണ്ടും പുതിയ വിസയില്‍ നാട്ടില്‍ നിന്നും സൌദിയിലെത്തുമ്പോള്‍ തടയപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വാരം പുതിയ താമസ വിസയില്‍ കൈകുഞ്ഞുമായെത്തിയ മലപ്പുറം സ്വദേശിയുടെ കുടുംബത്തിനാണ് ഇത്തരത്തില്‍ തിരിച്ച പോവേണ്ടി വന്നു. മാസങ്ങള്‍ക്ക് മുമ്പ് വിസിറ്റ് വിസയില്‍ ഇവിടെയെത്തി കാലാവധി കഴിഞ്ഞ് പിഴയടച്ച് വിരലടയാളം രേഖപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയതായിരുന്നു ഇവര്‍. ദമ്മാം എയര്‍പോട്ടില്‍ വിസിറ്റിംഗ്, താമസ, തൊഴില്‍ വിസകളിലായി എത്തുന്ന നിരവധി മലയാളികള്‍ക്കാണ് ഇതേകാരണത്താല്‍ നാട്ടിലേക്ക് തിരിച്ച് പോവേണ്ടി വരുന്നത്.
സാധാരണയായി സൗദിയില്‍ കുടുംബങ്ങള്‍ക്ക് 90 ദിവസത്തേക്കാണ് വിസിറ്റ് വിസ നല്‍കാറുള്ളത്. എന്നാല്‍ തിരക്കേറിയ സമയങ്ങളില്‍ ഇത് അറുപതും മുപ്പതും ദിവസങ്ങളായി പരിമിതപ്പെടുത്തിയാണ് പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യാറുള്ളത്. പലരും ഇതു ശ്രദ്ധിക്കാറില്ല. തൊണ്ണൂറ് ദിവസം എന്ന് തെറ്റിദ്ധരിച്ച് പുതുക്കാന്‍ ശ്രമിക്കുമ്പോഴാണ് അബദ്ധം പിണഞ്ഞത് മനസ്സിലാവുന്നത്.
ഇത്തരക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് ഉണ്ടോ എന്നറിയാന്‍ സൗദി എമിഗ്രേഷനില്‍ മാത്രമേ സംവിധാനമുള്ളൂ. ഇതറിയാതെ അധിക പേരും ജവാസാത്ത് സിസ്റ്റത്തില്‍ അന്വേഷിച്ച് വിലക്കില്ലെന്ന് കരുതിയാണ് വീണ്ടും എത്തുന്നതാണ് പ്രശ്നം.